ആദ്യം രാജ്യം പിന്നെ പാർട്ടി, ദേശീയ സുരക്ഷക്കായി മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും;നിലപാടിലുറച്ച് തരൂർ

തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനമെന്നും ശശി തരൂർ

കൊച്ചി: ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്ന നിലപാടിൽ ഉറച്ച് ലോക്സഭാ എം പിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ വാർഷികാഘോഷ പരിപാടിയിലാണ് നിലപാട് വ്യക്തമാക്കിയത്. ആദ്യം രാജ്യം പിന്നെ പാർട്ടിയെന്നും തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനമെന്നും ശശി തരൂർ പറഞ്ഞു.

ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും. അത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. പലരും തന്നെ വിമർശിക്കുന്നുണ്ട്. പക്ഷേ താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമെന്നും തരൂർ വ്യക്തമാക്കി. തൻ്റെ പാർട്ടിക്കാർക്കു വേണ്ടി മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥയെ കുറിച്ചുളള ലേഖനത്തിലും തരൂർ പ്രതികരിച്ചു. നേരത്തെ ഞാൻ എഴുതിയ പുസ്തകത്തിൽ ഈ കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്. 1997ൽ താൻ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. അന്ന് അത് വായിക്കാത്തവരാണ് ഇന്ന് വിമർശിക്കുന്നത്. ഗാന്ധി കുടുംബത്തിനെതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്ന് തരൂർ പ്രതികരിച്ചു.

മുഖ്യമന്ത്രി സർവേയെ കുറിച്ച് ചോദിച്ചതിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നാണ് തരൂർ മറുപടി നൽകിയത്. മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, ഞാനിപ്പോൾ പാർലമെന്റേറിയൻ അല്ലേ എന്നും മറുപടി അദ്ദേഹം മറുപടി നൽകി. ഡിസിസി പരിപാടിക്ക് ക്ഷണിക്കാത്തതിലും തരൂർ പ്രതികരിച്ചു. കൊച്ചിയിലെ പരിപാടിക്ക് പങ്കെടുക്കാത്തതിന് മറ്റു കാരണങ്ങളില്ല. ഇന്ന് പങ്കെടുത്ത രണ്ട് പരിപാടികളും നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം മറുപടി നൽകി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നിരവധി തവണയാണ് ശശി തരൂര്‍ പ്രധാനമന്ത്രിയെ പുകഴ്ത്തി പരാമര്‍ശങ്ങള്‍ നടത്തിയത്. സമാനതകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ പറഞ്ഞത്. ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തരൂരിന്റെ നിരന്തരമുളള മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം നിലനിൽക്കുന്നുണ്ട്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ലേഖനം താൻ ബിജെപിയില്‍ ചേരാനൊരുങ്ങുന്നതിന്റെ സൂചനയല്ലെന്നാണ് വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദിയിലുള്ള സംസാരത്തെയും തരൂർ പുകഴ്ത്തിയിരുന്നു. ഇംഗ്ലീഷ് ഭാഷയെ തള്ളി അമിത്ഷാ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് അന്ന തരൂർ പ്രതികരിച്ചത്. മറ്റു ഭാഷയേക്കാൾ ഹിന്ദിയിൽ സംസാരിക്കുന്നതാണ് പ്രധാനമന്ത്രി കൂടുതൽ ആത്മവിശ്വാസം നൽകുന്നത്. ലോക നേതാക്കളോടെല്ലാം അദ്ദേഹം ഹിന്ദി ഭാഷയിലാണ് സംസാരിക്കുന്നത്. ജപ്പാൻ, ചൈനീസ് തുടങ്ങിയ രാ​ജ്യങ്ങളിലെ നേതാക്കളെല്ലാം അവരുടെ മാതൃഭാഷയിലാണ് മറ്റു ലോക നേതാക്കളോട് സംസാരിക്കുന്നത്. എല്ലാവരും അവരുടെ മാതൃഭാഷയിൽ സംസാരിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് മാതൃഭാഷയിൽ സംസാരിച്ചാൽ എന്താണ് പ്രശ്നമെന്നും തരൂർ ചോദിച്ചിരുന്നു.

ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് തരൂർ രം​ഗത്തെത്തിയതി അതൃപ്തിക്ക് ആക്കം കൂട്ടിയിരുന്നു. 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തിയിരുന്നു. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മൾ ഇന്ന് കൂടുതൽ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. 'പ്രൊജക്റ്റ് സിൻഡിക്കേറ്റ്' എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ വിമർശനം.

അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ അടക്കം നിശബ്ദത പാലിച്ചിരുന്ന സമയത്തായിരുന്നു പാർട്ടിയെ വെട്ടിലാക്കിയേക്കാവുന്ന നിലപാടുമായി തരൂർ അന്ന് രം​ഗത്തെത്തിയത്. കുറിപ്പിൽ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തു പറഞ്ഞാണ് തരൂർ അടിയന്തരാവസ്ഥയെ വിമർശിച്ചത്. കർശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി. ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയും മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർ തടവിലാക്കപ്പെടുകയും ചെയ്തിരുന്നുവെന്നും തരൂർ കുറിച്ചു.

സഞ്ജയ് ഗാന്ധിയെയും തരൂർ വിമർശിച്ചിരുന്നു. സഞ്ജയ് ഗാന്ധി ജനങ്ങളെ നിർബന്ധിത വന്ധ്യംകരണം നടത്തി. കൂടാതെ വീടുകളും മറ്റും തകർത്ത് ആയിരക്കണക്കിന് മനുഷ്യരെ പെരുവഴിയിലാക്കിയെന്നും തരൂർ പറയുന്നു. അടിയന്തരാവസ്ഥ ജനങ്ങളോട് ഒരു ഭരണകൂടം എങ്ങനെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്ന് കാണിച്ചുതരുന്നുവെന്നും തരൂർ കുറിച്ചിരുന്നു. തുടർന്ന് ഇന്നത്തെ ഇന്ത്യ അഭിവൃദ്ധിപ്പെട്ടുവെന്നും നമ്മൾ ജനാധിപത്യം കൂടുതൽ ശക്തിപ്പെട്ടുവെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Shashi Tharoor Reiterates his Stance of Cooperating with Other Parties

To advertise here,contact us