തിരുവനന്തപുരം: സപ്ലൈകോയെ പ്രോത്സാഹിപ്പിക്കണമെന്ന പോസ്റ്റുമായി പി ബി നൂഹ് ഐഎഎസ്. റിലയന്സും മോറും ബിഗ് ബസാറും നമ്മുടെ പ്രിയ്യപ്പെട്ട സൂപ്പര്മാര്ക്കറ്റുകള് ആയിരിക്കുമ്പോള് തന്നെ കേരളത്തിന്റെ മുക്കിലും മൂലയിലുമായി പ്രവര്ത്തിക്കുന്ന 1600ലധികം ഔട്ട്ലെറ്റുകളുള്ള സപ്ലൈകോയുടെ ഏഴയലത്ത് പോലും ഇവയൊന്നും എത്തുന്നില്ലെന്നും അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില് കുറിക്കുന്നു.
'കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളില് 32 ലക്ഷം കുടുംബങ്ങള് ഇപ്പോഴും എല്ലാ മാസവും ആശ്രയിക്കുന്ന ഏക സ്ഥാപനം സപ്ലൈകോ ആണ് എന്നുള്ളതും വാസ്തവങ്ങളായി തുടരും. അതുകൊണ്ട്, നിങ്ങളുടെ വ്യക്തിപരമായ പരാതികളും പരിഭവങ്ങളും നിലനില്ക്കേ തന്നെ, രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള് നിലനിര്ത്തികൊണ്ട് തന്നെ, നമ്മുടെ അടുത്ത ഷോപ്പിംഗിന്റെ ചെറിയൊരംശം സപ്ലൈകോയില് നിന്നാക്കുന്നത് ഈ സ്ഥാപനത്തിന്റെ നിലനില്പ്പിന് ഏറെ സഹായകരമാകും എന്ന് നമുക്ക് ഓര്മ്മിക്കാം', അദ്ദേഹം പറയുന്നു.
അതേസമയം സപ്ലൈകോയിൽ പരാതികളും അപര്യാപ്തതകളുമുണ്ടെന്നും നൂഹ് കുറിക്കുന്നു. '25 മുതല് 30 ശതമാനം വരെ വിലക്കുറവില് 13 അവശ്യ വസ്തുക്കള് വില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോള് തന്നെ, ചിലപ്പോഴെങ്കിലും ചില അവശ്യ വസ്തുക്കള് ഇല്ലാതിരിക്കുകയോ, ആവശ്യത്തിന് അളവില് ലഭ്യമാകാതിരിക്കുകയോ ചെയ്യാറുണ്ട് എന്നും കസ്റ്റമേഴ്സിനോട് പരുഷമായി പെരുമാറുന്ന ചുരുക്കം ചില സപ്ലൈകോ സ്റ്റാഫ് ഉണ്ട് എന്നുമുള്ള വാസ്തവങ്ങള് അംഗീകരിക്കുന്നു. എന്നിരുന്നാലും,1974 മുതല് കഴിഞ്ഞ 50 വര്ഷങ്ങളിലേറെയായി കേരളത്തിലെ സാധാരണ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില് സപ്ലൈകോ ചെയ്തുവരുന്ന നിസ്സാര്ത്ഥമായ സേവനം നാം ഒരിക്കലും കണ്ടില്ലെന്ന് നടിച്ചു കൂടാ', അദ്ദേഹം പറഞ്ഞു.
സപ്ലൈകോയുടെ ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക്ടറായിരുന്ന നൂഹ് ഗതാഗതവകുപ്പിലെ സ്പെഷ്യല് സെക്രട്ടറിയായി ജൂണില് സ്ഥാനമേറ്റെടുത്തിരുന്നു. പിന്നാലെയാണ് സപ്ലൈകോയുടെ മേന്മ വ്യക്തമാക്കി കൊണ്ട് നൂഹ് രംഗത്തെത്തിയത്. '2024 ഓഗസ്റ്റ് മുതല് ഏകദേശം 5 മാസത്തോളം സപ്ലൈകോയുടെ ചെയര്മാന് ആന്ഡ് മാനേജിംഗ് ഡയറക്ടറായും ആറുമാസത്തോളം ചെയര്മാന് മാത്രമായും സേവനമനുഷ്ഠിച്ച ശേഷം ട്രാന്സ്പോര്ട്ട് ഡിപ്പാര്ട്ട്മെന്റ് സ്പെഷ്യല് സെക്രട്ടറിയായി ജൂണ് മാസം സ്ഥാനമേറ്റെടുത്തു. ഇനി കെഎസ്ആര്ടിസിയുടെയും എംവിഡിയുടെയും ഒപ്പം', നൂഹ് പറഞ്ഞു.
Content Highlights: P B Nooh IAS about Supplyco