ന്യൂഡല്ഹി: ആര്എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സര്വകലാശാല വൈസ് ചാന്സലര്മാര്ക്കും ക്ഷണം. ആര്എസ്എസ് നിയന്ത്രണത്തിലുള്ള 'ശിക്ഷ സംസ്കൃതി ഉത്തന് ന്യാസ്' എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം. ഈ മാസം 25 മുതല് 28 വരെ കാലടിയില് വെച്ചാണ് ആര്എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനം പരിപാടി നടക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം (എന്ഇപി) നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്ഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ അജണ്ട. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിര്ന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും.
27നു വൈകിട്ട് നടക്കുന്ന 'വിദ്യാഭ്യാസത്തിലെ ഭാരതീയ പരിപ്രേക്ഷ്യം' എന്ന വിഷയത്തിലാണ് വിസിമാരുടെ ചര്ച്ചയുണ്ടാകുക. ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്, ആര്എസ്എസ് മേധാവി മോഹന് ഭാഗവത് തുടങ്ങിയവര് ഇതില് പങ്കെടുക്കും. കേരളത്തിലെ വിസിമാരെ കൂടാതെ ഉന്നതവിദ്യാഭ്യാസ സ്ഥാപന മേധാവികളെയും ക്ഷണിക്കും. അടുത്ത പത്ത് വര്ഷത്തിനപ്പുറത്തേക്ക് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എങ്ങനെയാകണമെന്നാണ് ചര്ച്ച ചെയ്യുകയെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. എന് സി ഇന്ദുചൂഡന് പറഞ്ഞു.
തെരഞ്ഞെടുത്ത 200 വിദ്യാഭ്യാസ വിചക്ഷണര് ഉള്പ്പെടെ 1000ത്തോളം പേര് പങ്കെടുക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുള്ള സമാന്തര പരിപാടി നടക്കുമെന്നും ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ഇതില് പങ്കെടുക്കുമെന്നുമാണ് വ്യക്തമാകുന്നത്. വിസിമാരെ കൂടാതെ കേന്ദ്ര സ്ഥാപനങ്ങളുടെ ഡയറക്ടര്മാര്, എഐസിടിഇ ചെയര്പേഴ്സണ് ടി ജി സീതാറാം, യുജിസി വൈസ് ചെയര്പേഴ്സണ്, നാക് ഡയറക്ടര് തുടങ്ങിയവര് ഈ സമ്മേളനത്തില് പങ്കെടുക്കുമെന്നാണ് സംഘാടകര് പ്രതീക്ഷിക്കുന്നത്.
'രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാര് അവരുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ മന്ത്രിമാരെയും വൈസ്ചാന്സലര്മാരെയും ഞങ്ങള് വിളിച്ചിട്ടില്ല. അര്ത്ഥവത്തായ സംഭാവനകള് നല്കാന് സാധിക്കുന്നവരെയാണ് ക്ഷണിച്ചത്', ന്യാസിന്റെ ദേശീയ സെക്രട്ടറി അതുല് കോതാരി പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
Content Highlights: Kerala University Vice Chancellors invited to RSS programme