കോണ്‍ഗ്രസിലേക്കെന്ന പ്രചാരണം ചിരിപ്പിക്കുന്നത്; കോണ്‍ഗ്രസ് വേദിയില്‍ മറുപടിയുമായി അയിഷ പോറ്റി

സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നതെന്നും അയിഷ പോറ്റി

കൊല്ലം: കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍തന്നെ മറുപടി നല്‍കി സിപിഐഎം മുന്‍ എംഎല്‍എ അഡ്വ.അയിഷ പോറ്റി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന പ്രചാരണം ചിരിപ്പിക്കുന്നതാണെന്ന് അയിഷാ പോറ്റി പറഞ്ഞു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അയിഷ പോറ്റി.

സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നത്. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നു.താനൊരു പാര്‍ലമെന്ററി മോഹിയല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും അയിഷാ പോറ്റി തുറന്നടിച്ചു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. ചിരിച്ചാല്‍ ആത്മാര്‍ത്ഥതയോടെയാകണം. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ചാണ്ടി മാതൃകയാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം രാഷ്ട്രീയത്തിന് അതീതമാണ്. ജനപ്രതിന്ധി എങ്ങനെയാവണമെന്ന് കാട്ടിക്കൊടുത്തയാളാണ് ഉമ്മന്‍ചാണ്ടിയെന്നും അയിഷാ പോറ്റി പറഞ്ഞു.

പിതാവിനൊപ്പം പ്രവര്‍ത്തിച്ച അയിഷാ പോറ്റിയെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കുന്നത് ക്രൂരതയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രവര്‍ത്തിച്ച ജനകീയ എംഎല്‍എയാണ് അയിഷാ പോറ്റിയെന്നും ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മാത്രമാണ് എത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണത്തില്‍ അയിഷാ പോറ്റിക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയായിരുന്നു അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്.

Content Highlights: Aisha potty Reply over Congress entry kollam

To advertise here,contact us