വൈദ്യുതി ലൈൻ സംബന്ധിച്ച് ആവശ്യം ഉന്നയിച്ചിരുന്നു, മാനേജ്മെൻ്റ് കെഎസ്ഇബിയെ അറിയിച്ചിരുന്നു: പിടിഎ പ്രസിഡൻ്റ്

'ലൈനിന്റെ കാര്യം സംബന്ധിച്ച് പിടിഎ യോഗത്തിൽ ആവശ്യം മുന്നോട്ട് വെച്ചിരുന്നു'

കൊല്ലം: വിദ്യാർത്ഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ലൈനിന്റെ കാര്യം സംബന്ധിച്ച് പിടിഎ യോഗത്തിൽ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് ജോസ് ആന്റണി. കഴിഞ്ഞ ഒരുവർഷക്കാലത്തിനിടെ പലതവണ പിടിഎ യോഗങ്ങൾ വിളിച്ചുചേർത്തിരുന്നു. ലൈനിന്റെ കാര്യം സംബന്ധിച്ച് പിടിഎ യോഗത്തിൽ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. കേബിൾ ആക്കുന്നതുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം റിപ്പോർട്ടറനോട് പറഞ്ഞു. മാനേജ്മെന്റ് കൃത്യമായി വിഷയം കെഎസ്ഇബിയെ അറിയിച്ചിരുന്നു. അവർക്കാണിതിൽ പരിഹാരം കാണാൻ കഴിയുമായിരുന്നത്. തൊട്ടടുത്ത ഗേൾസ് സ്കൂളിലേക്കുൾപ്പെടെ വൈദ്യുതി ലൈൻ പോകാൻ മറ്റ് വഴികളില്ലെന്നാണ് കെഎസ്ഇബി പറഞ്ഞതെന്നും പിടിഎ പ്രസിഡന്റ് വ്യക്തമാക്കി.

സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനിൽ മനുവിന്റെയും സുജയുടെയും മകനുമായ മിഥുൻ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. തറയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. കുവൈത്തിൽ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്‌റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിൽ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്.

സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തുമെന്ന് മിഥുൻ്റെ അച്ഛൻ മനു റിപ്പോർട്ടറിനോട് പ്രതികരിച്ചു. തുർക്കിയിൽ നിന്ന് ഇന്ന് തന്നെ കുവൈത്തിൽ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കിൽ മിഥുൻ്റെ സംസ്കാരം നാളെ നടക്കുമെന്നും മനു പറഞ്ഞു.

Content Highlights: thevalakkara school pta president on student death due to electric shock

To advertise here,contact us