തിരുവനന്തപുരം: നാല് ജില്ലകളിൽ നൽകിയിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പിൽ ഈ ജില്ലകളിൽ റെഡ് അലേർട്ട് ആയിരുന്നു. നിലവിൽ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിലെ യെല്ലോ അലർട്ട് തുടരുന്നു.
അതേ സമയം, കനത്ത മഴയെ തുടർന്ന് വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില് വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. നേരത്തെ കാസർഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് നാളെ അഞ്ച് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഇരുപതിനും സംസ്ഥാനത്ത് റെഡ് അലേർട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഇതേ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്.
Content Highlights: The red alert issued in four districts has been withdrawn