'സർക്കാരുകൾ മാറി വരും, അപ്പോൾ കല്ലിളക്കി ഓവിൽ ഇടുന്ന സംസ്‌കാരം ഞങ്ങൾക്കില്ല'; ശിലാഫലക വിവാദത്തിൽ റിയാസ്

സംഭവത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം: പയ്യാമ്പലം ശിലാഫലകവിവാദത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംഭവം പത്രത്തില്‍ വായിച്ചു കണ്ടെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീകരണത്തിന് ശേഷം ഉദ്ഘാടനം താന്‍ ആണ് ചെയ്തത്. കൊവിഡ് കാലത്താണ് ആ ഉദ്ഘാടനം നടന്നതെന്നും റിയാസ് പറഞ്ഞു.

'സര്‍ക്കാരുകള്‍ മാറി വരും. അപ്പോള്‍ കല്ല് ഇളക്കി ഓവില്‍ ഇടുന്ന സംസ്‌കാരം തങ്ങള്‍ക്ക് ഇല്ല. ഏത് സര്‍ക്കാരിന്റെ സംഭാവനയായാലും അതേ അര്‍ത്ഥത്തില്‍ കാണും. ഇന്ന് തന്നെ വാര്‍ത്ത വന്നത് എങ്ങനെ എന്നും അറിയില്ല', റിയാസ് പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ശിലാഫലകം മാറ്റി മുഹമ്മദ് റിയാസിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിച്ചുവെന്നാണ് വിവാദം. 2015 മെയ് 15ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത പയ്യാമ്പലത്തെ കുട്ടികളുടെ പാര്‍ക്കിന്റെയും കടലോര നടപ്പാതയുടെയും ശിലാഫലകം മാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു. 2022 മാര്‍ച്ച് ആറിന് നവീകരിച്ച പാര്‍ക്കും നടപ്പാതയും മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തുവെന്ന പുതിയ ഫലകമാണ് സ്ഥാപിച്ചത്.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തില്‍ ഇന്ന് രണ്ടാം ചര്‍മ വാര്‍ഷികം ആചരിക്കവേയാണ് സംഭവം വാര്‍ത്തയായത്. സ്ഥലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുകയും പഴയ ശിലാഫലകം പുതിയത് സ്ഥാപിച്ചതിന്റേത് അടുത്തേക്ക് നീക്കിവെക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അവിടുന്ന് എടുത്തുമാറ്റരുതെന്ന താക്കീതോടെയാണ് ഫലകം പഴയസ്ഥലത്തേക്ക് വെച്ചത്. എന്നാല്‍ പുതിയ ഫലകം വെയ്ക്കാന്‍ സ്ഥലം ഇല്ലാത്തതിനാലാവാം കരാറുകാര്‍ പഴയത് മാറ്റിയിട്ടുണ്ടാവുകയെന്നാണ് ഡിടിപിസി വിശദീകരണം.

Content Highlights: Minister Riyas on Payyambalan stone plaque controversy

To advertise here,contact us