കോട്ടയം: ഗുണനിലവാരമില്ലാത്ത സാരി വിറ്റ സ്ഥാപനത്തിന് പിഴ ചുമത്തി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ഇഹ ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് സാരിയുടെ വില പലിശസഹിതം തിരിച്ച് നൽകാനും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാനും ഉത്തരവിട്ടത്. പരസ്യത്തിൽ അവകാശപ്പെട്ട ഗുണനിലവാരമില്ലാത്ത സാരി നൽകിയതിനാണ് പിഴ ചുമത്തിയത്. കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷനാണ് പിഴയിട്ടത്.
സംഭവത്തിൽ കോട്ടയം കൊച്ചുപറമ്പ് വീട്ടിൽ ജിൻസി പ്രദീപാണ് പരാതി നൽകിയത്. 2024 ഓഗസ്റ്റ് 26-നാണ് ഇവർ സോഷ്യൽ മീഡിയയിലെ പരസ്യ വീഡിയോ കണ്ട് സ്ഥാപനത്തിൽനിന്ന് 2,600 രൂപ വീതം നൽകി രണ്ട് സാരികൾ ഓർഡർ ചെയ്ത്. പറഞ്ഞ സമയത്തിനുള്ളിൽ സാരികൾ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഓർഡർ ക്യാൻസൽ ചെയ്ത് തുക റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ 42 ദിവസങ്ങൾക്കുശേഷം 2024 ഒക്ടോബർ ഏഴിന് ഒരു സാരിയും ഒക്ടോബർ എട്ടിന് രണ്ടാമത്തെ സാരിയും ജിൻസിക്ക് കിട്ടി.
പക്ഷേ, വീഡിയോയിൽ കാണിച്ച സാരികളിൽ നിന്ന് വ്യത്യസ്തമായ നിറവും ഗുണനിലവാരം കുറഞ്ഞതുമായ സാരികളാണ് ഇവർക്ക് ലഭിച്ചത്. തുടർന്ന് സ്ഥാപനത്തെ വിവരമറിയിച്ചു. എന്നാൽ കാര്യമുണ്ടായില്ല. നടപടിയെടുക്കാതെ വന്നതോടെ ജിൻസി കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ സേവനത്തിന്റെ കാര്യത്തിൽ സ്ഥാപനം ന്യൂനത വരുത്തിയതായി കണ്ടെത്തുകയും പരാതിക്കാരിക്ക് സാരിയുടെ വിലയായ 5,200 രൂപയും 2024 ഒക്ടോബർ എട്ട് മുതൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകാൻ ഉത്തരവിടുകയുമായിരുന്നു.
പരാതിക്കാരിക്കുണ്ടായ മാനസിക ക്ലേശത്തിന് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 2,000 രൂപയും നൽകണമെന്നും നിർദ്ദേശമുണ്ട്. അഡ്വ. വി എസ് മനുലാൽ പ്രസിഡന്റായും അഡ്വ. ആർ ബിന്ദു, കെ എം ആന്റോ അംഗങ്ങളായുമുള്ള ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.
Content Highlights: Fine imposed on firm that sold substandard sarees