ചെരുപ്പെടുക്കാൻ കയറിയതോടെ കാൽതെന്നി, രക്ഷയ്ക്കായി പിടിച്ചത് ലൈൻ കമ്പിയിൽ:ദൗര്‍ഭാഗ്യകരമെന്ന് പിടിഎ പ്രസിഡൻ്റ്

അധ്യാപകര്‍ തന്നെയാണ് ബെഞ്ച് ഉപയോഗിച്ച് കുഞ്ഞിനെ അടിച്ച് അവിടെ നിന്നും മാറ്റിയതെന്ന് അധ്യാപികയും പറഞ്ഞു

കൊല്ലം: വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പിടിഎ പ്രസിഡന്റ്. ലൈന്‍ കമ്പി താഴ്ന്നത് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും കേബിള്‍ മാറ്റുമ്പോള്‍ ശരിയാക്കാമെന്നാണ് വാക്കാല്‍ അറിയിച്ചിരുന്നുവെന്നും പിടിഎ പ്രസിഡന്റ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ദൗര്‍ഭാഗ്യകരമാണ്. രാവിലെ 9.20 നും 9.30 നും ഇടയിലാണ് സംഭവം. ചെരുപ്പ് ഷീറ്റിന്റെ മുകളിലേക്ക് എടുത്ത് എറിഞ്ഞു. തുടര്‍ന്ന് കുട്ടി ചെരുപ്പ് എടുക്കാനായി ഷീറ്റിന്റെ മുകളിലേക്ക് കയറുകയും ചെരുപ്പ് എടുത്ത ശേഷം അതേ ഷീറ്റിലൂടെ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് തെന്നുകയുമായിരുന്നു. തെന്നിയതോടെ പെട്ടെന്ന് കയറി ലൈന്‍ കമ്പിയില്‍ പിടിക്കുകയുമായിരുന്നു.', പിടിഎ പ്രസിഡന്റ് പറഞ്ഞു. താങ്ങാനാകാത്ത ദുഃഖമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധ്യാപകര്‍ തന്നെയാണ് ബെഞ്ച് ഉപയോഗിച്ച് കുഞ്ഞിനെ അടിച്ച് അവിടെ നിന്നും മാറ്റിയതെന്ന് അധ്യാപികയും പറഞ്ഞു. കളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരന്റെ ചെരിപ്പ് ഷീറ്റിലേക്ക് വീണതോടെ അത് എടുത്തുതരാമെന്ന് പറഞ്ഞ് കയറിയതാണ് മരിച്ച മിഥുന്‍ എന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥി പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. സ്‌കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.Content Highlights: PTA President Reaction over Student Death in School kollam

To advertise here,contact us