കോണ്‍ഗ്രസിലേക്കോ? ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയിലേക്കുള്ള ക്ഷണത്തിൽ പ്രതികരിച്ച് അയിഷ പോറ്റി

അധികാരം ഇല്ലെങ്കിലും കൊട്ടാരക്കരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകുമെന്നും അയിഷ പോറ്റി

കൊല്ലം: കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ക്ഷണിതാവായതില്‍ പ്രതികരിച്ച് സിപിഐഎം മുന്‍ എംഎല്‍എ അയിഷ പോറ്റി. ഉമ്മന്‍ചാണ്ടി അനുസ്മരണം എന്ന ഒറ്റക്കാര്യംക്കൊണ്ടാണ് കോണ്‍ഗ്രസുമായി വേദി പങ്കിടുന്നത്. അദ്ദേഹം ജീവിച്ചിരുന്നകാലത്തെ എംഎല്‍എ എന്ന നിലയിലാണ് തന്നെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായം പറയുകയെന്നല്ലാതെ മറ്റൊന്നുമില്ലെന്ന് അയിഷ പോറ്റി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കോണ്‍ഗ്രസിലേക്ക് എത്തുമോയെന്ന ചോദ്യത്തിന് ഒരിക്കലും പറയാന്‍ പറ്റില്ലെന്നായിരുന്നു അയിഷ പോറ്റിയുടെ പ്രതികരണം. 'ഒരിടത്തേക്കും പോകാന്‍ ആലോചിച്ചിട്ടില്ല. പ്രൊഫഷണല്‍ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ആരും ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല', അയിഷ പോറ്റി പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് ക്ഷണം വന്നാല്‍ പോകില്ലെന്ന് പറയാന്‍ കഴിയുമോയെന്ന ചോദ്യത്തിന് 'ഇപ്പോള്‍ അത്തരമൊരു വിഷയം ഉദിക്കുന്നില്ല' എന്നായിരുന്നു സിപിഐഎം മുന്‍ ജില്ലാ കമ്മിറ്റി അംഗത്തിന്റെ പ്രതികരണം. 'എനിക്ക് ഇപ്പോള്‍ ഒരു രാഷ്ട്രീയവും ഇല്ല. എംഎല്‍എ ആയകാലത്ത് ഓടി നടന്നിരുന്നു. അപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. അതൊല്ലാം മാറി വരികയാണ്. പറ്റുന്നില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ചുമതലകളില്‍ നിന്നും മാറ്റിയത്. ഞങ്ങളുടെ സഖാക്കള്‍ക്ക് നല്ല സ്‌നേഹമാണ്. എന്നെകിട്ടുന്നില്ലെന്ന് അവര്‍ പറയാന്‍ ഞാന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ആരുമല്ല. അധികാരം ഇല്ലെങ്കിലും കൊട്ടാരക്കരക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒപ്പമുണ്ടാകും', എന്നും അയിഷ പോറ്റി പറഞ്ഞു.

കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അയിഷ പോറ്റി ഇന്ന് പങ്കെടുക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ഉദ്ഘാടനം ചെയ്യുന്നത്. സിപിഐഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസുമായി വേദി പങ്കിടുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

യോഗത്തില്‍ അനുസ്മരണ പ്രഭാഷമാണ് അയിഷ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. പിന്നാലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയായിരുന്നു അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്.

Content Highlights: P Aisha Potty Reaction Over congress Entry

To advertise here,contact us