വിവാദ രക്ഷാപ്രവര്‍ത്തന പരാമര്‍ശം: നടപടികൾ തടഞ്ഞ് ഹൈക്കോടതി; മുഹമ്മദ് ഷിയാസിനും പൊലീസിനും നോട്ടീസ്

മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായവും സിജെഎം കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി

കൊച്ചി: മുഖ്യമന്ത്രിയുടെ വിവാദ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ എറണാകുളം സിജെഎം കോടതിയിലെ എല്ലാ നടപടികളും തടഞ്ഞ് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. പിണറായി വിജയന്റെ ഹര്‍ജിയില്‍ ഹൈക്കോടതി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും പൊലീസിനും നോട്ടീസയച്ചു.

മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായവും സിജെഎം കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിൻ്റെ നടപടി. മൂന്ന് മാസത്തേക്കാണ് സ്റ്റേ. സംഭവത്തില്‍ മുഹമ്മദ് ഷിയാസ് സാക്ഷിയല്ലെന്നും പിന്നില്‍ രാഷ്ട്രീയ താല്‍പര്യമെന്നുമാണ് ഹര്‍ജിയില്‍ പിണറായി വിജയന്റെ വാദം.

സ്വകാര്യ അന്യായം പരിഗണിക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാര പരിധിയില്ല. സ്വകാര്യ അന്യായം അനുസരിച്ച് എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ വെളിപ്പെടുന്നില്ല. സംഭവങ്ങളുമായി പ്രസംഗത്തെ ബന്ധിപ്പിക്കാന്‍ തെളിവുകളില്ല. പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പരാതി ഉന്നയിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്നും പ്രൊസിക്യൂഷന്‍ അനുമതി ഹാജരാക്കണമെന്നുമുള്ള ഉത്തരവ് മനസ്സ് അർപ്പിച്ചല്ല. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് പ്രൊസിക്യൂഷന്‍ അനുമതി തേടിയതെന്നുമാണ് പിണറായി വിജയന്റെ വാദം.

Content Highlights: CM Pinarayi Vijayan Controversial rescue operation Statement

To advertise here,contact us