ഭാസ്‌കരണ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്.

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഷെറിന്‍ പുറത്തിറങ്ങിയത്. ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

സമൂഹമാധ്യമമായ ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാം പ്രതിയായ ബാസിത് അലി. മറ്റു രണ്ടു പ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്. കേസില്‍ ഷെറിന്റെ സുഹൃത്തുകള്‍ ജയിലില്‍ തുടരുകയാണ്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്നു ഷെറിന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചതു പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

Content Highlights: Bhaskara Karanavar murder case accused Sherin released from prison

To advertise here,contact us