വേടന്റെ പാട്ടിനെതിരെ പരാതി നല്‍കിയവരില്‍ ബിജെപിക്കൊപ്പം എസ്‌യുസിഐയും

ബിജെപി അംഗങ്ങള്‍ക്കൊപ്പം എസ്‌യുസിഐ സംഘടനയായ 'സേവ് യൂനിവേഴ്‌സിറ്റി ഫോറം' ആണ് വേടന്റെ പാട്ടിനെതിരെ പരാതി നല്‍കിയത്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ബിഎ മൂന്നാം സെമസ്റ്റർ മലയാളം സിലബസിൽ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകൾ ഒഴിവാക്കണമെന്ന പരാതിക്ക് പിന്നിൽ ബിജെപിക്കൊപ്പം നിന്ന് എസ്‍യുസിഐ സംഘടനയായ സേവ് യൂണിവേഴ്സിറ്റി ഫോറം. ബിജെപിയും എസ്‍യുസിഐയുടെ നേതൃത്വത്തിലുള്ള സേവ് യൂണിവേഴ്സിറ്റി ഫോറവും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതി വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ട് ഒഴിവാക്കാൻ ശുപാർശ ചെയ്തത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വേടന്റെ പാട്ട് പിൻവലിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തത്. സേവ് യൂണിവേഴ്സിറ്റി ഫോറം, ബിജെപി സിൻഡിക്കേറ്റ് അംഗം അനുരാജ് എ കെ, ബിജെപി സെനറ്റ് അംഗം എ വി ഹരീഷ്, ബിജെപി അനുഭാവികളായ അഭിഷേക് പള്ളിക്കര, രാജീവ് കുമാർ വിടി എന്നിവരാണ് വേടന്റെ പാട്ടിനെ എതിർത്തത്.

വേടൻ്റെ പാട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമല്ല ആശ സമരത്തിലും എസ്‍യുസിഐ-ബിജെപി യോജിപ്പ് പ്രകടമായിരുന്നു. എസ്‍യുസിഐയുടെ നേതൃത്വത്തിൽ നടന്ന ആശ സമരത്തിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. സമരപ്പന്തൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചത് ചർച്ചയായിരുന്നു. ആശ സമരക്കാരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ചെയ്യേണ്ട രീതിയിൽ താൻ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രിമാരായ വി ശിവൻകുട്ടിയും വീണാ ജോർജും വിചാരിച്ചാൽ ആശാ വർക്കർമാരെ തൊഴിലാളി എന്ന വിഭാഗത്തിലേക്കു മാറ്റാൻ കഴിയുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. നടത്തിയ ആശ സമരത്തിന് പിന്തുണയുമായി ബിജെപിയും രംഗത്ത് എത്തിയിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിഎംഎസ് രംഗത്ത് വന്നിരുന്നു. ആശ സമരം ബിഎംഎസ്-എസ്‍യുസിഐ സമരമാണെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു.

നേരത്തെ വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ സിലബസിൽ നിന്നും ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ' എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ ബി എ മലയാളം പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളിൽ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തത്.

വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ചാൻസലറുടെ നിർദേശ പ്രകാരം വി സി ഡോ. പി രവീന്ദ്രൻ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസുമായി മുന്നോട്ട് പോകുമെന്ന് മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത് വ്യക്തമാക്കി. സിലബസിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗണ്‍സിലും പഠിച്ച് തിരുത്തുകയാണ് ചെയ്യേണ്ടത്. അതാണ് സര്‍വ്വകലാശാല ആക്ടിലും സ്റ്റാറ്റ്യൂട്ടിലും പറയുന്നത് എന്നും എം എസ് അജിത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

പുറത്ത് നിന്ന് ഒരാൾക്കും പരാതിയെക്കുറിച്ച് പഠിക്കാനാകില്ല. അതിന് നിയമസാധുതയില്ല. വൈസ് ചാൻസലർ അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോർഡിന്റേത്. എം എം ബഷീറിന്റെ റിപ്പോർട്ടിനെ കുറിച്ച് സർവ്വകലാശാല ഒരു അറിയിപ്പും തന്നിട്ടില്ലെന്ന് എം എസ് അജിത് പറഞ്ഞു.

Content Highlights: Along with the BJP SUCI was among those behind the move to remove songs by Vedan and Gouri Lakshmi

To advertise here,contact us