തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിൻ്റെ വിവാദ ട്രാക്ടർ യാത്രയിൽ പൊലീസ് മേധാവി സർക്കാറിന് റിപ്പോർട്ട് കൈമാറും. അജിത് കുമാറിന്റെ യാത്ര നിയമലംഘനമെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ അജിത് കുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. എം ആർ അജിത് കുമാറിൻ്റെ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. അജിത് കുമാറിൽ നിന്നും പൊലീസ് മേധാവി വിശദീകരണം തേടി. 12-ന് രാത്രിയാണ് എം ആർ അജിത്കുമാർ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര ചെയ്തത്. 13-ന് വൈകിട്ട് മലയിറങ്ങിയതും ട്രാക്ടറിലാണ്.
എന്നാൽ സംഭവത്തിൽ ട്രാക്ടർ ഓടിച്ച പൊലീസ് ഡ്രൈവർക്കെതിരെയായിരുന്നു കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടർ. പമ്പ പൊലീസാണ് കഴിഞ്ഞ ദിവസം കേസെടുത്തത്. സംഭവത്തിൽ കേസെടുത്തിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. എഡിജിപിയുടെ ട്രാക്ടർ യാത്ര നിർഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അജിത് കുമാറിന്റെ പ്രവർത്തി മന:പൂർവമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
'യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടർ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണ്', ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങൾ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സംഭവത്തിൽ ശബരിമല കമ്മീഷനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
സ്വാമി അയ്യപ്പൻ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
2021-ലാണ് ട്രാക്ടർ യാത്രയിൽ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകൾ ഏതൊക്കെ സമയങ്ങളിൽ സ്വാമി അയ്യപ്പൻ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറിൽ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്ടർ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്. എന്നാൽ ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയത്. സിസിടിവി ഇല്ലാത്ത വഴികളിലൂടെ യാത്ര ചെയ്ത് അവസാനം സിസിടിവി ഉള്ള സ്ഥലത്ത് ഇറങ്ങുകയായിരുന്നു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു.
Content Highlights: ADGP MR Ajith Kumar's controversial tractor ride case updates