കെ ഇ ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം

ആറുമാസത്തേക്ക് ആയിരുന്നു ഇസ്മയിലിനെ സസ്പെൻഡ് ചെയ്തിരുന്നത്

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ ഇ ഇസ്മയിലിന്റെ പാർട്ടി അംഗത്വം പുതുക്കാൻ സിപിഐ എക്സിക്യൂട്ടീവ് നിർദ്ദേശം. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാർശ തള്ളിയാണ് നിർദ്ദേശം പുറത്ത് വിട്ടത്. പുതുക്കിയ അംഗത്വം നൽകാനായി ജില്ലാ ഘടകത്തിന് സംസ്ഥാന എക്സിക്യൂട്ടീവിൻ്റെ നിർദ്ദേശം നൽകിയിട്ടുണ്ട്. ആറുമാസത്തേക്ക് ആയിരുന്നു ഇസ്മയിലിനെ സസ്പെൻഡ് ചെയ്തിരുന്നത്.

സിപിഐ നേതാവ് പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഇസ്മയിലിനെ സസ്‌പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. രാജു കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാര്‍ട്ടി നടപടി പിന്‍വലിച്ചല്ലെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. പി രാജുവിനെ ചിലര്‍ വേട്ടയാടിയിരുന്നു.. പി രാജുവിന്റെ സംസ്‌കാര ചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും ഇസ്മയിൽ പറഞ്ഞിരുന്നു. ഇല്ലാത്ത പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടി പി രാജുവിനെ വ്യക്തിഹത്യ നടത്തി. ദീര്‍ഘകാലത്തെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നുവെന്നും ഇസ്മയില്‍ ആരോപിച്ചിരുന്നു. കെ ഇ ഇസ്മയിലിന്റെ പ്രതികരണത്തിന് പിന്നാലെ പാര്‍ട്ടി ഓഫീസില്‍ പി രാജുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെയ്‌ക്കേണ്ട എന്ന് കുടുംബം തീരുമാനിച്ചിരുന്നു.

സംഭവത്തില്‍ ഇസ്മയിലില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Content Highlights- CPI executive orders renewal of KE Ismail's party membership

To advertise here,contact us