യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം; യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ

രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടികാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം

കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

'യുവ നേതാക്കൾ റിൽസിൽ നിന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം. അതിന് ഏത് മാധ്യമങ്ങൾ വേണമെങ്കിലും ഉപയോഗിക്കാം. ഇത് മാത്രമാണ് ജീവിത ലക്ഷ്യം എന്ന നിലയിൽ പ്രവർത്തിച്ചാൽ ജനങ്ങളിൽ നിന്നും അകന്നുപോകും.മഹാരാജാക്കന്മാരുടെ കാലം പോലെ നമുക്ക് അങ്ങനെ മാറാൻ കഴിയില്ല. രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ല. ജനങ്ങളുടെ വോട്ടു പിടിക്കണമെങ്കിൽ ജനമധ്യത്തിൽ പ്രവർത്തിക്കണം. അതിനുവേണ്ടിയുള്ള ഒരു മാധ്യമമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം. അതിൽ തെറ്റില്ല. എന്നാൽ അടിത്തറ ജനങ്ങൾക്കിടയിൽ ആകണം. ഇതില്ലെങ്കിൽ ജനാധിപത്യത്തിൽ ശാശ്വതമായി നിലനിൽക്കില്ല', അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

തങ്ങൾ യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിരുന്നപ്പോൾ ഗ്രാമീണ ചെറുപ്പക്കാരെയാണ് കേന്ദ്രീകരിച്ചിരുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ പിജെ കുര്യന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ടിവിയില്‍ മാത്രമാണ് നേതാക്കളെ കാണുന്നതെന്നും എന്നാല്‍ എസ്എഫ്‌ഐ ക്ഷുഭിത യൗവ്വനത്തെ ഒപ്പം നിര്‍ത്തുന്നുവെന്നുമായിരുന്നു പി ജെ കുര്യന്‍ പറഞ്ഞത്. കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലായിരുന്നു പി ജെ കുര്യന്‍ വിമര്‍ശനം ഉന്നയിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ജില്ലാ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും വേദിയിലിരിക്കെയായിരുന്നു പി ജെ കുര്യന്റെ വിമര്‍ശനം. ഇത് വ്യാപക ചര്‍ച്ചയ്ക്ക് വഴിവെച്ചു.പി ജെ കുര്യനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും കെഎസ്‌യു നേതാക്കളും രംഗത്തെത്തി.

എസ്എഫ്ഐയുടെ അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ തെളിച്ചത്തോടെ കാണുമ്പോഴും തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരമാണെന്നായിരുന്നു കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ് പറഞ്ഞത്. പി ജെ കുര്യനോടുള്ള ബഹുമാനം നഷ്ടപ്പെട്ടു എന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാന്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് കെഎസ്‌യു പ്രവര്‍ത്തകരുടെ മേല്‍ ഉള്ള വ്യക്തിഗത കേസുകളുടെ എണ്ണം പി ജെ കുര്യന്റെ പ്രായത്തിനെക്കാളും കൂടുതല്‍ വരുമെന്നായിരുന്നു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അജാസ് കുഴല്‍മന്ദം പറഞ്ഞത്. വിമര്‍ശനം കനത്തപ്പോഴും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി പി ജെ കുര്യന്‍ വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിനെതിരെ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണെന്ന് പി ജെ കുര്യന്‍ പ്രതികരിച്ചിരുന്നു.

Content Highlights: Thiruvanchoor Radhakrishnan criticizes Youth Congress

To advertise here,contact us