കൊച്ചി: കേരള സര്വകലാശാലയിലെ എസ്എഫ്ഐ സമരത്തിനെതിരെ ഹൈക്കോടതിയില് ഹര്ജി. സര്വകലാശാലയ്ക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ബിജെപി സിന്ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറാണ് ഹര്ജി നല്കിയത്.
സര്വകലാശാലയില് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടികള്ക്ക് വിലക്കേര്പ്പെടുത്തണമെന്നാണ് ആവശ്യം. ഇടത്- വിദ്യാര്ത്ഥി-സര്വീസ് സംഘടനകള് സര്വകലാശാലയുടെ പ്രവര്ത്തനം തടസപ്പെടുത്തുന്നത് തടയണമെന്നും ഹര്ജിയില് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം സര്വകലാശാലയില് എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം സംബന്ധിച്ച കേസില് എംവി ഗോവിന്ദനെ ചോദ്യംചെയ്യണമെന്നും ഹര്ജിയില് പി എസ് ഗോപകുമാര് ആവശ്യപ്പെടുന്നു. ഹര്ജി ഹൈക്കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എന് നഗരേഷ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുക.
കഴിഞ്ഞയാഴ്ച്ചയാണ് കേരള സര്വകലാശാലയില് വൈസ് ചാന്സലര് മോഹനന് കുന്നുമ്മലിനെതിരെ എസ്എഫ്ഐ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്ഐ പ്രവര്ത്തകര് ഇരച്ചുകയറുകയായിരുന്നു. ചാന്സലറായ ഗവര്ണര് രാജേന്ദ്ര ആര്ലേക്കര്ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്ത്തകര് സര്വകലാശാലയില് പ്രതിഷേധിച്ചത്. നൂറുകണക്കിന് പ്രവര്ത്തകരാണ് പ്രതിഷേധവുമായെത്തിയത്. വി സിയുടെ ഓഫീസിലേക്ക് കടക്കാനുളള വഴികളെല്ലാം ബലംപ്രയോഗിച്ച് തളളിത്തുറന്ന് പ്രവര്ത്തകര് ഉളളിലേക്ക് കടക്കുകയായിരുന്നു.
സംഭവത്തില് അറസ്റ്റിലായ എസ് എഫ് ഐ പ്രവര്ത്തകര്ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റ് ചെയ്തത്. സര്വകലാശാലയില് പ്രതിഷേധിച്ച 27 എസ്എഫ് ഐ പ്രവര്ത്തകര്ക്കെതിരെയും കണ്ടാലറിയാവുന്ന ആയിരം പേര്ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. പൊതുമുതല് നശിപ്പിച്ചു, ദേഹോപദ്രവം ഏല്പ്പിച്ചു എന്നീ കുറ്റങ്ങള് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. പോരാട്ടത്തിന്റെ ആദ്യഘട്ടം മാത്രമാണിതെന്നും പ്രതിഷേധം ഇനിയും തുടരുമെന്നും ജാമ്യം ലഭിച്ചശേഷം പി എസ് സഞ്ജീവ് പ്രതികരിച്ചിരുന്നു.
Content Highlights: SFI Protests should be banned: BJP syndicate member petition in highcourt