സ്‌കൂള്‍ സമയമാറ്റം: തീരുമാനം മാറ്റാനല്ല ചര്‍ച്ചയെന്ന് ശിവന്‍കുട്ടി; പോക്ക് ധിക്കാരമെന്ന് ഉമര്‍ ഫൈസി മുക്കം

സര്‍ക്കാര്‍ ജനങ്ങളെ വിരട്ടേണ്ടെന്നും ഉമർ ഫെെസി മുക്കം

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ അയയാതെ സമസ്ത. സമസ്തയെ അവഗണിച്ച് മുന്നോട്ടുപോകാമെന്ന് ഒരു സര്‍ക്കാരും വിചാരിക്കേണ്ടതില്ലെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മാധ്യമങ്ങളോട് പറഞ്ഞു. അത് ധിക്കാരമായ പോക്കായിരിക്കും. തിക്തഫലം ആരായാലും അനുഭവിക്കും. സര്‍ക്കാര്‍ ജനങ്ങളെ വിരട്ടേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

'വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകാന്‍ തയ്യാറാണ്. ചര്‍ച്ച ചെയ്യാല്‍ ഫലം ഉണ്ടാകും. മനുഷ്യന്മാര്‍ മുഖത്ത്‌നോക്കി സംസാരിച്ചാല്‍ അതിന്റെ ഫലം കിട്ടും. ചര്‍ച്ചയ്ക്ക് വിളിക്കട്ടെ. ഏകപക്ഷീയമായി തീരുമാനം എടുക്കരുത്', ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റത്തില്‍ പിറകോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. തീരുമാനം മാറ്റാന്‍ വേണ്ടിയല്ല. കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

'47 ലക്ഷം വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പഠിക്കുന്നുണ്ട്. എല്ലാവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ ഒന്നും എതിരല്ല. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാരിന് പ്രധാനപ്പെട്ടത്. ജിഫ്രി തങ്ങളുമായി സംസാരിച്ചു. തീരുമാനം മാറ്റാനുള്ള ചര്‍ച്ചയല്ല. ബോധ്യപ്പെടുത്താനുള്ള ചര്‍ച്ചയാണ്', എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം.

എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അരമണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് സമയം നീട്ടിയത്. സമയം വര്‍ധിപ്പിച്ചതില്‍ പുനഃരാലോചന വേണമെന്ന സമസ്തയുടെ ആവശ്യം തള്ളിയായിരുന്നു ഉത്തരവ്. ഇതിനെതിരെ സമസ്ത പ്രതിഷേധത്തിനൊരുങ്ങുകയാണ്.

അതേസമയം സമയം മാറ്റുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്റേത്. 220 ദിവസം പ്രവര്‍ത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് 1,100 മണിക്കൂര്‍ പഠനസമയം വേണം.

Content Highlights: school Time change umar faizy mukkam against ldf government

To advertise here,contact us