കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടുന്ന കാന്തപുരം എപി അബൂബക്കർ മുസലിയാറിനെ പ്രശംസിച്ച് മന്ത്രി സജി ചെറിയാൻ. കാന്തപുരത്തിന്റെ മഹത്വമാണിതെന്നായിരുന്നു സജി ചെറിയാന്റെ പ്രതികരണം. നിലപാടുകൾ വ്യത്യസ്തമാണ്. പക്ഷെ ആത്യന്തികമായി നമ്മൾ മനുഷ്യരാണ്. സമസ്തയുടെ പുരോഗമനപരമായ പ്രവർത്തനങ്ങൾ ഇഷ്ടപ്പെടാത്ത ചില വർഗീയ സംഘടനകൾ കേരളത്തിലുണ്ട്. ഈ വർഗീയ ശക്തികൾ മതപരമായ ഭിന്നതകൾ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാന്തപുരം എ പി അബൂബക്കർ മുസലിയാറുടെ നേതൃത്വത്തിൽ കേരളത്തിൽ സമസ്ത കേരള നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. മതപരമായ കാര്യങ്ങളിൽ മാത്രമല്ല, സാമൂഹ്യ ഐക്യത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായും മർകസിൽ വെച്ച് നടന്ന ചടങ്ങിനിടെ സജി ചെറിയാൻ പറഞ്ഞു.
വധശിക്ഷ കാത്ത് തടവിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി യമനിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കാന്തപുരവും വ്യക്തമാക്കി. വിഷയത്തിൽ ഒന്നും ചെയ്യാൻ നമുക്ക് സാധിക്കുകയില്ലെങ്കിലും കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ വിട്ടുകൊടുക്കാൻ കുടുംബങ്ങൾ അധികാരം ഉണ്ടെന്ന് ഇസ്ലാം മതത്തിൽ പറയുന്നുണ്ട്. ഇക്കാര്യം അവിടെയുള്ളവരെ അറിയിച്ച് ജഡ്ജിമാരോടും കുടുംബങ്ങളോടും സംസാരിക്കുകയും ചർച്ച നടന്നുകൊണ്ടിരിക്കുകയുമാണെന്നും വേദിയിൽ കാന്തപുരം പറഞ്ഞിരുന്നു.
'യമനിൽ ഒരു പെൺകുട്ടിയെ തൂക്കിക്കൊല്ലാൻ വിധിച്ചു. കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താൽ വിട്ടുകൊടുക്കാൻ കുടുംബത്തിന് അധികാരമുണ്ടെന്ന് ഇസ്ലാം മതം പറയുന്നുണ്ട്. ഇക്കാര്യം അവിടെയുള്ളവരെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോടും സംസാരിക്കുകയും ചർച്ച ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയുമാണ്. കുടുംബക്കാർ സമ്മതിക്കാതെ വിട്ടുകൊടുക്കാൻ കോടതിക്ക് അധികാരമില്ല. വീട്ടുകാർ വഴങ്ങുമോയെന്ന ചർച്ചയിലാണ്. ഇസ്ലാം മതത്തിൽ ഇത്തരമൊരു സൗകര്യം ഉണ്ടെന്നും വർഗീയ വാദത്തിന്റെ മതമല്ലെന്ന് ലോകത്തിന് പഠിച്ചുകൊടുക്കാനും നമ്മുടെ വാക്കുകൊണ്ട് സാധിച്ചു. ലോകത്തിന് നന്മ ചെയ്യാൻ ശ്രമിക്കലാണ് നമ്മുടെ കർത്തവ്യമെന്ന നിലയ്ക്കാണ് വിഷയത്തിൽ ഇടപെട്ടത്', കാന്തപുരം പറഞ്ഞു.
യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് ഏറ്റവും പുതിയ നീക്കമെന്നാണ് വിവരം. മർക്കസിൽ അടിയന്തര കൂടിയാലോചനകൾ നടക്കുകയാണ്. യമനിലേക്ക് പ്രതിനിധികളെ അയക്കുന്നതാണ് ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കാന്തപുരത്തിന്റെ നടപടി. വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ യമനിൽ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോഗതിയാണ് ചർച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്.
വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാൻ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷൻകൗൺസിൽ പങ്കുവെയ്ക്കുന്നത്.
Content Highlights: Saji Cherian praises Kanthapuram A P Aboobacker Musliyar for intervening for Nimishapriya's release