ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര; എം ആർ അജിത് കുമാറിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട്

ശബരിമല സ്‌പെഷ്യൽ കമ്മീഷണറാണ് ഡിവിഷൻ ബെഞ്ചിൽ റിപ്പോർട്ട് നൽകിയത്

കൊച്ചി: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഡിജിപി ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയതിലാണ് റിപ്പോർട്ട്. ശബരിമല സ്‌പെഷ്യൽ കമ്മീഷണറാണ് ഡിവിഷൻ ബെഞ്ചിൽ റിപ്പോർട്ട് നൽകിയത്.

സന്നിധാനത്തേക്കുള്ള സഞ്ചാരത്തിനിടെയായിരുന്നു ഹൈക്കോടതി വിധി ലംഘിച്ചുള്ള ട്രാക്ടർ യാത്ര.സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്ന ഭാഗത്ത് ട്രാക്ടർ യാത്ര ഒഴിവാക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തിൽ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പൻ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്.

ഇവിടെ നിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണ് വിവരം. സന്നിധാനത്ത് യു ടേണിന് മുമ്പ് ചെരിപ്പുകൾ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടർ നിർത്തുകയും അവിടെ എഡിജിപി ഇറങ്ങി പിന്നീട് നടന്നു പോവുകയും ചെയ്തു. അവിടം മുതൽ സിസിടിവി പ്രവർത്തിക്കുന്നുണ്ടെന്നും വിവരമുണ്ട്.

ഞായറാഴ്ച സന്നിധാനത്തുനടന്ന നവഗ്രഹക്ഷേത്ര പ്രതിഷ്ഠ തൊഴാനാണ് എഡിജിപി എത്തിയത്. പമ്പയിൽ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാറിന്റെ യാത്ര. പമ്പ-സന്നിധാനം റൂട്ടിൽ ചരക്കുനീക്കത്തിന് മാത്രമെ ട്രാക്ടർ ഉപയോഗിക്കാവൂവെന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതിൽ ഉണ്ടാകാൻ പാടില്ലെന്നും ഹൈക്കോടതി വിധിയുണ്ട്. ഇതാണ് അജിത് കുമാർ ലംഘിച്ചത്.

Content Highlights: Report filed in High Court against MR Ajith Kumar for tractor journey to Sannidhanam

To advertise here,contact us