സോളാർ പാനൽ സ്ഥാപിക്കുന്നതിൽ വൻ ക്രമക്കേട്; റിപ്പോർട്ടർ പരമ്പര ഏറ്റെടുത്ത് രമേശ് ചെന്നിത്തല

സ്മാർട്ട് സിറ്റി, പിഎം കുസും, അട്ടപ്പാടിയിൽ പ്ലാൻറ് സ്ഥാപിച്ച പദ്ധതി എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ അനെർട്ട് സോളാർ പാനൽ സ്ഥാപിക്കുന്നതിൽ ക്രമക്കേട് നടത്തിയെന്ന റിപ്പോർട്ടർ വാർത്ത ഏറ്റെടുത്ത് രമേശ് ചെന്നിത്തല. സ്മാർട്ട് സിറ്റി, പിഎം കുസും, അട്ടപ്പാടിയിൽ പ്ലാൻറ് സ്ഥാപിച്ച പദ്ധതി എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം. നിയമസഭാ രേഖകൾ സഹിതമുള്ള തെളിവുകൾ പുറത്തുവന്നിട്ടും അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരി അതേസ്ഥാനത്ത് തുടരുകയാണ്. സിഇഒക്ക് എതിരെ നടപടിയെടുത്തില്ല. മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിച്ച അന്വേഷണവും എങ്ങുമെത്തിയില്ല. എല്ലാം വകുപ്പ് മന്ത്രി അറിഞ്ഞിട്ടാണെന്നും ചെന്നിത്തല ആരോപിക്കുന്നു. അനെർട്ടിനെ ഒന്ന് ഇളക്കിമറിച്ചാൽ ആയിരം കോടിയുടെ അഴിമതി പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

സ്മാർട്ട് സിറ്റി സോളാർ പ്ലാന്റ് സ്ഥാപിച്ചതിലുൾപ്പെടെ വലിയ ക്രമക്കേടാണ് നടന്നതെന്ന വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. എല്ലാ ഫയലുകളും പർച്ചേസ് മാനേജരെയും ഫിനാൻസ് മാനേജരെയും നോക്കുകുത്തിയാക്കിക്കൊണ്ട് കൈകാര്യം ചെയ്തത് വെറും 89 ദിവസം മാത്രമുണ്ടായിരുന്ന താത്ക്കാലിക ജീവനക്കാരാണ് എന്നും കണ്ടെത്തിയിരുന്നു.

240 കോടി രൂപയുടെ പി എം കുസും പദ്ധതിയിൽ അനെർട്ട് സിഇഒ നരേന്ദ്ര വേലൂരിയും വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയും ചേർന്ന് 100 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് രമേശ് ചെന്നിത്തല നേരത്തെയും ആരോപിച്ചിരുന്നു. ഇവയുടെ രേഖകൾ തന്റെ കൈവശമുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു. കർഷകർക്ക് സോളാർ പമ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് പി എം കുസും. ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തിൽ ടെണ്ടർ നൽകി എന്നാണ് ചെന്നിത്തലയുടെ ആരോപണം.

240 കോടി രൂപയുടെ ടെണ്ടർ ആണ് അനേർട്ട് സിഇഒ വിളിച്ചത്. അഞ്ച് കോടി രൂപയുടെ ടെൻഡർ മാത്രം വിളിക്കാൻ അധികാരമുള്ള സിഇഒ എങ്ങനെയാണ് 240 കോടി രൂപയുടെ ടെൻഡർ വിളിച്ചത് എന്നും രമേശ് ചെന്നിത്തല ഇന്നലെ ചോദിച്ചിരുന്നു. ഒരു കമ്പനിക്ക് ടെൻഡറിൽ മാറ്റം വരുത്താനുള്ള അധികാരം പോലും സിഇഒ നൽകിയെന്നും ഈ വിഷയത്തിലെ അഴിമതി നിയമസഭാസമിതി അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അഴിമതിയുണ്ടെങ്കിൽ അതിൻ്റെ തെളിവുകൾ രമേശ് ചെന്നിത്തല പുറത്തുവിടണമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം. പ്രായമായ കാലത്ത് തനിക്ക് അഴിമതി നടത്തേണ്ട ആവശ്യമില്ലെന്നും ഇതുവരെ അഴിമതി നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഐഎഎസ്കാരെ കിട്ടാത്തത് കൊണ്ടാണ് ഐഎഫഅഎസ് ഉദ്യോഗസ്ഥനായ നരേന്ദ്രനാഥ് വേലൂരിയെ അനെർട്ടിൽ നിയമിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായാൽ മറ്റ് അന്വേഷണം വേണമോ എന്ന് പരിശോധിക്കുമെന്നും 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.

Content Highlights: Ramesh Chennithala takes reporter news on anert

To advertise here,contact us