'എംഎൽഎ സ്ഥാനം രാജിവയ്ക്കണം'; എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്തയച്ച് പ്രഫുൽ പട്ടേൽ

എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് ആവശ്യം

തിരുവനന്തപുരം: കേരളത്തിലെ എൻസിപി നേതാക്കൾക്കെതിരെ ഔദ്യോഗിക പക്ഷ ദേശീയ നേതൃത്വം നീക്കം തുടങ്ങി. മന്ത്രി എ കെ ശശീന്ദ്രനോടും തോമസ് കെ തോമസിനോടും എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ വർക്കിംഗ് പ്രസിഡൻ്റ് പ്രഫുൽ പട്ടേൽ കത്തിലൂടെ ആവശ്യപ്പെട്ടു. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തിലാണ് ആവശ്യം. രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ശരത് പവാറിനൊപ്പം ഉറച്ച് നിൽക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മറു വിഭാഗത്തിൻ്റെ നീക്കം. തോമസ് കെ തോമസ് തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുകയാണെന്നും പ്രഫുൽ പട്ടേൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെന്നും ഇതിനിടെ മറ്റൊരു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെന്നും ആരോപണമുണ്ട്. എൻസിപിയുടെ ക്ലോക്ക് ചിഹ്നത്തിൽ മത്സരിച്ചാണ് 2021-ൽ എംഎൽഎ ആയത്. രാജി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനാൽ പാർട്ടിയുടെ അച്ചടക്ക കമ്മിറ്റി ആറ് വർഷത്തേക്ക് വിലക്കുന്നതായും എംഎൽഎ സ്ഥാനം ഒരാഴ്ചയ്ക്കകം രാജിവച്ചില്ലെങ്കിൽ അയോഗ്യനാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു.

എൻസിപി പിളർന്ന് ശരദ്പവാർ, അജിത് പവാർ വിഭാഗങ്ങളായി മാറിയിരുന്നു. ഔദ്യോഗിക പക്ഷമായി അജിത് പവാർ‌ വിഭാഗത്തെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്.

Content Highlights: NCP leaders A K Saseendran and Thomas K Thomas face resignation demands from praful patel

To advertise here,contact us