കോഴിക്കോട്: തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങൾ യമനിൽ തുടരുന്നു. സൂഫി പണ്ഡിതരുടെ നേതൃത്വത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുംടുംബവുമായും ഗോത്ര നേതാക്കളുമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലാണ് നിർണ്ണായകമായത്. ആശവഹമായ പുരോഗതിയാണ് ചർച്ചയിലുണ്ടായതെന്ന വിവരമാണ് നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ആക്ഷൻ കൗൺസിൽ പങ്കുവെയ്ക്കുന്നത്. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യമനിൽ തുടരുകയാണ്.
വധശിക്ഷ നീട്ടിവെയ്ക്കുക എന്നതിനാണ് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ പ്രധാന്യം നൽകുന്നതെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഇടപെട്ടതോടെ നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിൽ ഉണ്ടായിരുന്ന വ്യത്യസ്ത അഭിപ്രായങ്ങളെ പരിഹരിക്കാൻ സഹായകമായേക്കും എന്ന വിവരമാണ് ആക്ഷൻകൗൺസിൽ പങ്കുവെയ്ക്കുന്നത്. ഇന്നലെ ഏറെ വൈകി അവസാനിച്ച ചർച്ചകൾ ഇന്ന് അതിരാവിലെ തന്നെ പുനഃരാരംഭിക്കുമെന്നാണ് സൂചന. യമനിലെ പ്രമുഖ സൂഫി ഗുരുവായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഇടപെടലിലാണ് ഗോത്ര നേതാക്കളും, തലാലിൻ്റെ ബന്ധുക്കളും, നിയമസമിതി അംഗങ്ങളും, കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ചർച്ച രാവിലെ വീണ്ടും ആരംഭിക്കുക എന്നാണ് വിവരം. ഹബീബ് അബ്ദുൾ റഹ്മാൻ മഹ്ഷൂസിൻ്റെ നേതൃത്വത്തിലുള്ള ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുല്ലിൻ്റെ ഉന്നതതല സംഘം തലാലിൻ്റെ ജന്മനാടായ ഉത്തര യമനിലെ ദമാറിൽ തുടരുകയാണ്.
ചർച്ചകൾ ആശാവഹമാണെന്നും ഇന്ന് നടക്കുന്ന ചർച്ചകളിൽ സന്തോഷകരമായ അന്തിമതീരുമാനം ഉണ്ടാകുമെന്നുമാണ് ചർച്ചകൾ നടത്തുന്ന പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരിക്കുന്നത്. ചർച്ചകളുടെ ഭാഗമായി തലാലിൻ്റെ കുടുംബാംഗങ്ങൾ ഏകാഭിപ്രായത്തിലേയ്ക്ക് എത്തുക എന്നതാണ് നിർണ്ണായകം. ഉത്തരയമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈയൊരു സാഹചര്യത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യം തന്നെയുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു എന്നതാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള നീക്കങ്ങളിൽ നിർണ്ണായകമായിരിക്കുന്നത്. കേന്ദ്ര സർക്കാരിന് പോലും ഇടപെടാൻ പരിമിതിയുണ്ടായിരുന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന അനൗദ്യോഗിക ചർച്ചകൾ അതിനാൽ തന്നെ നിർണ്ണായകമാണ്.
ദയാധനം സംബന്ധിച്ച് വിവരങ്ങൾ പക്ഷെ വ്യക്തമല്ലെന്നാണ് വിവരം. യമനിൽ വലിയ സ്വാധീനമുള്ള കുടുംബമാണ് ഷൈഖ് ഹബീബ് ഉമറിൻ്റേത്. അതിനാൽ തന്നെ ഇദ്ദേഹത്തിന് തലാലിൻ്റെ കുടുംബത്തെ അനുനയിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. കുടുംബത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെങ്കിൽ വധശിക്ഷ തൽക്കാലം മാറ്റിവെയ്ക്കാൻ കഴിയുമെന്ന വലിയ പ്രതീക്ഷയാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
ഇന്നലെയായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാർ വിഷയത്തിൽ ഇടപെട്ടത്. യമൻ ഭരണകൂടവുമായി കാന്തപുരം ചർച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യമൻ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യമനിൽ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂൺ പതിനാറിന് നടപ്പിലാക്കുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനിടെയാണ് വിഷയത്തിൽ നിർണായ നീക്കങ്ങളുമായി കാന്തപുരം അടക്കമുള്ളവർ രംഗത്തെത്തിയത്.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി നിരന്തരം ഇടപെടുന്നുണ്ടെന്നും ഗൾഫ് മേഖലയിലെ സ്വാധീനശക്തിയുള്ള ഷേഖുമാർ ഉൾപ്പടെയുള്ളവർ വഴി പരമാവധി പരിശ്രമം നടത്തുന്നുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. വധശിക്ഷ ഒഴിവാക്കാൻ ഇതിൽ കൂടുതൽ ഒന്നും ചെയ്യാനില്ലെന്നും നിർഭാഗ്യകരമായ സാഹചര്യമാണുള്ളതെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും. യമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്.
ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.
തലാലിനെ കൊലപ്പെടുത്തി എന്നതാണ് നിമിഷപ്രിയയ്ക്കെതിരെയുള്ള കേസ്. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു, പാസ്പോർട്ട് പിടിച്ചുവച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്കിരയാക്കി, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തുടങ്ങിയ വാദങ്ങളായിരുന്നു നിമിഷപ്രിയയ്ക്കുണ്ടായിരുന്നത്. നിമിഷപ്രിയയെ കൂടാതെ ഇവരുടെ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന ഹനാൻ എന്ന യമനി യുവതിയെയും തലാൽ നിരന്തരം മർദിച്ചിരുന്നു. തലാലിന്റെ ഉപദ്രവം അസഹനീയമായപ്പോൾ നിമിഷപ്രിയ ഹനാനൊപ്പം ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങൾ പിന്നിട്ടതോടെ വാട്ടർ ടാങ്കിൽനിന്ന് ദുർഗന്ധം വന്നു. ഇതോടെ പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
Content Highlights: Last-ditch effort to avoid Nimisha Priya's execution; talks to continue today