'തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരം;' പിജെ കുര്യനെതിരെ ശ്യാം ദേവദാസ്

കൂടുതല്‍ പറയാനാണ് മനസ്സ് പറയുന്നതെന്നും പറയാതിരിക്കുന്നതും ഈ പാര്‍ട്ടി പഠിപ്പിച്ച മാന്യത കൊണ്ട് തന്നെയാണെന്ന് ശ്യാം

പാലക്കാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്യാം ദേവദാസ്. എസ്എഫ്‌ഐയുടെ അഡ്ജസ്റ്റ്‌മെന്റ് സമരങ്ങള്‍ തെളിച്ചത്തോടെ കാണുമ്പോഴും തെരുവില്‍ എരിയുന്ന യൂത്ത് കോണ്‍ഗ്രസ് സമരങ്ങള്‍ കാണാനാകാത്തത് ഖേദകരമെന്ന് ശ്യാം ദേവദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

'കാണിച്ച കരിങ്കൊടിക്ക് പകരമായി ചെടിച്ചട്ടിക്കും ഇഷ്ടികക്കുമുള്ള തലക്കടികള്‍ ഏറ്റ് വാങ്ങിയിട്ടും, കേള്‍വിശക്തിയും കാഴ്ചശക്തിയും എന്നെന്നേക്കുമായി നഷ്ടപ്പെടുത്തിയിട്ടും യൂത്ത് കോണ്‍ഗ്രസിന് സിന്ദാബാദ് വിളിച്ച് പാതയോരങ്ങളിലും സമരവേദികളിലും ചോര ചിന്തുന്ന ക്ഷുഭിതയൗവനങ്ങളെ അങ്ങേയ്ക്ക് കാണാനാകാത്തത് ഖേദകരമാണ്', ശ്യാം പറഞ്ഞു.

അഴിമതിപ്പണം കൊണ്ടും മാസപ്പടികള്‍ കൊണ്ടും കാട്ടിക്കൂട്ടുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെ ജനങ്ങളെ ആഴത്തിലറിഞ്ഞും ഇടപെട്ട് നടത്തുന്ന നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കാണാനാകാത്തത് ഖേദകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കാഴ്ചയില്ലായ്മ ഖേദകരമാണെന്നും ശ്യാം പറഞ്ഞു.

'നേതൃപദവികളുടെ സുഖസൗകര്യങ്ങളില്‍ കാലം കഴിച്ച്, സ്വസ്ഥമായ വിശ്രമജീവിതം അങ്ങയെപ്പോലുള്ളവര്‍, കഴിഞ്ഞ 9 കൊല്ലം കൊണ്ട് തെരുവിലെ സമരങ്ങള്‍ നയിച്ച് സ്വന്തം പ്രായത്തേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാക്കി ജീവിതം തന്നെ തുലാസ്സിലാക്കി മുന്നോട്ട് പോകുന്ന പ്രവര്‍ത്തകരെ ചേര്‍ത്ത് നിര്‍ത്തിയില്ലെങ്കിലും തളളിപ്പറയാതെ ഇരുന്നാല്‍ നല്ലത്. കൂടുതല്‍ പറയാനാണ് മനസ്സ് പറയുന്നത്. പറയാതിരിക്കുന്നതും ഈ പാര്‍ട്ടി പഠിപ്പിച്ച മാന്യത കൊണ്ട് തന്നെയാണ്', ശ്യാം കൂട്ടിച്ചേര്‍ത്തു.

പി ജെ കുര്യനെതിരെ കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദവും രംഗത്തെത്തി. യൂത്ത് കോൺഗ്രസ്‌ കെഎസ് യു പ്രവർത്തകരുടെ മേൽ ഉള്ള വ്യക്തിഗത കേസുകളുടെ എണ്ണം പി ജെ കുര്യൻ്റെ പ്രായത്തിനെക്കാളും കൂടുതൽ ആണെന്നും ഒരു വലിയ വിഭാഗം സമര പോരാട്ടങ്ങളുടെ ഭാഗമായി അഴിക്കുള്ളിലും ആണെന്നും അദ്ദേഹം പറഞ്ഞു.

'അങ്ങ് ദീർഘ കാലം പാർട്ടി നൽകിയ അധികാരത്തിന്റെ ശീതളമായ ഉന്നതങ്ങളിൽ ഇരുന്ന് അപ്പം തിന്ന് ക്ഷീണിച്ച് ഒടുവിൽ വിശ്രമ ജീവിതത്തിന് ഇടയ്ക്ക് എല്ലിന്റിടയിൽ കുത്തുമ്പോ ഇങ് പൊരിവെയിലത്തും പെരുമഴയത്തും അതേ പാർട്ടിക്ക് വേണ്ടി തെരുവിൽ സമരം ചെയ്ത് പോലീസിന്റെ തല്ലു കൊണ്ട് തല പൊളിഞ്ഞാലും നട്ടെല്ല് വളയ്ക്കാതെ നിന്ന് പോരാടുന്ന യൂത്ത് കോൺഗ്രസ്‌കാരെ രാഷ്ട്രീയമായി സംരക്ഷിക്കാൻ ഉള്ള പ്രാഥമിക ഉത്തരവാദിത്വം കാണിച്ചില്ലെങ്കിലും പിന്നിൽ നിന്നും ഉളി എറിഞ്ഞു വീഴ്ത്തരുതേ എന്ന് അപേക്ഷിക്കുക അല്ല താകീത് ചെയ്യുന്നു ! അനുഗ്രഹിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ കുര്യൻ സാറേ . .. അപ്പോ ശെരി സാറേ', എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

പി ജെ കുര്യനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ വല്ലപ്പോഴും ടി വിയിലൊക്കെ കാണാമെന്നും എന്തുകൊണ്ട് വല്ലപ്പോഴും ഓരോ മണ്ഡലത്തിലും പോയി ചെറുപ്പക്കാരെ വിളിച്ച് കൂട്ടുന്നില്ല എന്നുമുള്ള പി ജെ കുര്യന്റെ ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

'പത്തനംതിട്ട ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റിനെ പിന്നെയും ടിവിയില്‍ കാണിച്ചു. കരുതല്‍ തടങ്കലിലാക്കി പൊലീസ്. കരുതല്‍ അല്ല കരുതല്‍ തടങ്കല്‍…വീണ ജോര്‍ജ്ജ് മണ്ഡലത്തില്‍ വരുന്നുണ്ടത്രേ! അപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍ വേണമത്രേ. യൂത്ത് കോണ്‍ഗ്രസ്സ് കഴിഞ്ഞ ഒമ്പതര വര്‍ഷമായി തുടര്‍ച്ചയായി പിണറായി സര്‍ക്കാരിനെതിരേ തെരുവിലെ പോരാട്ടത്തിലാണ്..കണ്ണുള്ളവര്‍ കാണട്ടെ..കാതുള്ളവര്‍ കേള്‍ക്കട്ടെ…', എന്നായിരുന്നു പി ജെ കുര്യന്റെ പേര് എടുത്ത് പറയാതെയുള്ള വിമര്‍ശനം.

പി ജെ കുര്യനെതിര പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിതിന്‍ ജി നൈനാനും രംഗത്തെത്തിയിരുന്നു. പി ജെ കുര്യന്‍ സര്‍ എന്നായിരുന്നു ഫോണ്‍ നമ്പര്‍ സേവ് ചെയ്തിരുന്നതെന്നും എന്നാല്‍ ഇനി ആ സാര്‍ വിളി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ബഹുമാനം കൊടുത്തിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയിലാണ് യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Youth Congress and KSU leaders against P J Kurien

To advertise here,contact us