നിമിഷപ്രിയയുടെ മോചനം; കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ ചര്‍ച്ച നാളെയും തുടരും

അതേ സമയം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു.

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലില്‍ ചര്‍ച്ച നാളെയും തുടരും. ചര്‍ച്ചകള്‍ ആശാവഹമാണെന്നും നാളത്തെ തുടര്‍ചര്‍ച്ചയില്‍ സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ അറിയിച്ചു.

അതേ സമയം സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. ആക്ഷന്‍ കമ്മിറ്റി നേതാക്കളും ലോക കേരള സഭാ അംഗങ്ങളുമായ കുഞ്ഞഹമ്മദ് കുരാച്ചുണ്ട് , സജീവ് കുമാര്‍ എന്നിവരാണ് കാന്തപുരത്തെ സന്ദര്‍ശിച്ച് നന്ദി രേഖപ്പെടുത്തിയത്.

നോര്‍ത്ത് യെമനിലാണ് യോഗം നടക്കുന്നത്. ശൈഖ് ഹബീബ് ഉമറിനും തലാലിന്റെ സഹോദരനും പുറമേ യെമന്‍ ഭരണകൂട പ്രതിനിധികള്‍, ജിനായത് കോടതി സുപ്രീം ജഡ്ജ്, തലാലിന്റെ സഹോദരന്‍, ഗോത്ര തലവന്മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ബ്ലഡ് മണി സ്വീകരിച്ച് തലാലിന്റെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കണം എന്നാണ് ചര്‍ച്ചയിലെ ആവശ്യം. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കി മോചനം സാധ്യമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

ഇന്നലെയായിരുന്നു കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ ഇടപെട്ടത്. യെമന്‍ ഭരണകൂടവുമായി കാന്തപുരം ചര്‍ച്ച നടത്തിയെന്നുള്ള വിവരം പുറത്തുവന്നിരുന്നു. യെമന്‍ പൗരന്റെ ബന്ധുക്കളുമായും ആശയവിനിമയം നടന്നതായും വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യെമനില്‍ അടിയന്തരയോഗം വിളിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ ജൂണ്‍ പതിനാറിന് നടത്തുമെന്നായിരുന്നു പുറത്തുവന്ന വിവരം. ഇതിനിടെയാണ് വിഷയത്തില്‍ നിര്‍ണായ നീക്കങ്ങളുമായി കാന്തപുരം അടക്കമുള്ളവര്‍ രംഗത്തെത്തിയത്.

To advertise here,contact us