കൊച്ചി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സംഭവത്തില് വിമര്ശനവുമായി സിപിഐഎം നേതാവ് എം സ്വരാജ്. മുന്പ് ലതാ മങ്കേഷ്കറും സച്ചിന് ടെണ്ടുല്ക്കറുമൊക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോള് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വരുന്നതെന്ന് എം സ്വരാജ് ചൂണ്ടിക്കാട്ടി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ ആഘോഷിക്കുന്ന മാധ്യമങ്ങളേയും സ്വരാജ് വിമര്ശിച്ചു.രാഷ്ട്രപതിയുടെ നാമനിര്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആര്ജവം മലയാള മാധ്യമങ്ങളില് പൊതുവെ കാണുന്നില്ലെന്ന് എം സ്വരാജ് ഫേസ്ബുക്കില് കുറിച്ചു.
രാജ്യസഭാ നാമനിര്ദേശത്തില് രാഷ്ട്രീയ താല്പര്യം കലരുന്നത് മുന്പും ചര്ച്ചയായിട്ടുണ്ടെന്നും എന്നാല് ഇതുപോലൊന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് പറഞ്ഞു. ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാന് നാലാം തൂണുകള്ക്ക് നാവു പൊങ്ങുന്നുമില്ല. സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിര്ദേശം എന്നാണ് മാതൃഭൂമിപത്രം പറയുന്നത്. കേരളത്തില് അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തില് ചര്ച്ചയാക്കാനാണ് പരിപാടിയെന്ന് മനോരമയും പറയുന്നു. എന്നാല് അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്ന് പറയാന് മനോരമ തയ്യാറാകുന്നില്ലെന്ന് സ്വരാജ് വിമര്ശിക്കുന്നു. ബിജെപിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. എന്നാല് ബിജെപിക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തുനിന്നും ആ പാര്ട്ടിയുടെ പ്രതിനിധിയായി വേണം അയക്കാന്. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുതെന്നും സ്വരാജ് കൂട്ടിച്ചേര്ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാന് നേതൃത്വം കൊടുത്ത സ്വയംസേവകനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്ദേശം ചെയ്തതില് മാധ്യമങ്ങള് പൊതുവെ ആഹ്ലാദിക്കുന്നതായാണ് കാണുന്നത്. രാഷ്ട്രപതിയുടെ നാമനിര്ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആര്ജവം മലയാള മാധ്യമങ്ങളില് പൊതുവെ കാണുന്നില്ല. എങ്ങനെയുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിര്ദ്ദേശം ചെയ്യേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
' The members to be nominated by the President under sub - clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely -Literature, science, art, and social service '
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവര്ത്തന രംഗങ്ങളിലെ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെ മുന്കാലങ്ങളില് നാമനിര്ദേശം ചെയ്തിട്ടുണ്ട്. ലത മങ്കേഷ്കറും സച്ചിന് ടെന്ഡുല്കറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോള് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് വരുന്നത്! രാജ്യസഭാ നാമനിര്ദേശത്തില് രാഷ്ട്രീയ താല്പര്യം കലരുന്നത് മുന്പും ചര്ച്ചയായിട്ടുണ്ട്. പക്ഷെ ഇതുപോലൊന്നു കേട്ടിട്ടില്ല. ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാന് നാലാം തൂണുകള്ക്ക് നാവു പൊങ്ങുന്നുമില്ല.
'സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിര്ദേശം' എന്ന് മാതൃഭൂമിപത്രം പറയുന്നു. എന്നാല് ആ വാര്ത്തയില് തന്നെ പ്രധാനമന്ത്രി പറഞ്ഞ കാരണം അതല്ലതാനും.കേരളത്തില് അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തില് ചര്ച്ചയാക്കാനാണു പരിപാടിയെന്നു മനോരമപത്രം പറയുന്നു. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്നു പറയാന് മനോരമയ്ക്ക് വയ്യ. ബിജെപിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. ബിജെപി ക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തു നിന്നും ആ പാര്ട്ടിയുടെ പ്രതിനിധിയായി അയക്കട്ടെ. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുത്.
എം സ്വരാജ്
Content Highlights- M Swaraj slam bjp leader C Sadanandan's nomination in rajyasabha