തിരുവനന്തപുരം: ഡിജിറ്റല്, സാങ്കേതിക സര്വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്ണര്ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല് സര്വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര് പുറത്താകും.
സര്വകലാശാലകളില് വൈസ് ചാന്സലര്മാര്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിസിമാര് സര്വകലാശാലാ താത്പര്യം സംരക്ഷിക്കണം. താത്ക്കാലിക വിസി നിയമനം താത്ക്കാലിക സംവിധാനം മാത്രമാണ്. താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില് കൂടുതല് പാടില്ല. വിസി നിയമനം നീളുന്നത് വിദ്യാര്ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില് കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
താത്ക്കാലിക വിസി നിയമനത്തില് ചാന്സലര്ക്ക് മുന്നില് മറ്റ് വഴികളില്ലെന്നും വിസി നിയമനം സര്ക്കാര് ശുപാര്ശ അനുസരിച്ച് തന്നെ നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്ക്കാരിന്റെ ശുപാര്ശയില്ലാതെ നിയമനം നടത്തരുതെന്നാണ് 2022ലെ സിസ തോമസ് കേസിലെ വിധിയെന്നും ഹൈക്കോടതി ഗവര്ണ്ണറെ ഓര്മ്മിപ്പിച്ചു. സര്വകലാശാലാ കാര്യങ്ങളിലെ കാവല്ക്കാരനാണ് വിസി. വിസി സ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് സര്വകലാശാലാ താത്പര്യമല്ലെന്നും ഹൈക്കോടതിയുടെ വിധിയില് വ്യക്തമാക്കുന്നു.
വിസി നിയമനം സര്ക്കാര് പാനലില് നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള് ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്ണര് രാജേന്ദ്ര ആര്ലേക്കര് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. സിംഗിള് ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന് ബെഞ്ച് ഗവര്ണറുടെ അപ്പീല് തള്ളി. ജസ്റ്റിസ് അനില് കെ നരേന്ദ്രന്, ജസ്റ്റിസ് പി വി ബാലകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
Content Highlights-HC division bench rejected appeal of governor over vc appointment