പാലക്കാട്: സിപിഐഎം നേതാവും കെടിഡിസി ചെയര്മാനുമായ പി കെ ശശിയെ പാര്ട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം തുടര്ന്ന് കോണ്ഗ്രസ്. പി കെ ശശിയെ പാര്ട്ടിയിലെത്തിച്ചാല് തിരഞ്ഞെടുപ്പില് ഗുണം ചെയ്യുമെന്നാണ് പാര്ട്ടി നേതാക്കളുടെ വിലയിരുത്തല്. മുതിര്ന്ന നേതാക്കളോട് വിഷയത്തില് ഇടപെടാന് ആവശ്യപ്പെട്ടേക്കും. എന്നാല് നഗരസഭയുടെ പരിപാടിക്ക് പി കെ ശശിയെ ക്ഷണിച്ചത് കെടിഡിസി ചെയര്മാന് എന്ന നിലയില് ആണെന്നാണ് ചെയര്പേഴ്സണിന്റെ വിശദീകരണം.
സിപിഐഎം പ്രതിനിധിയായല്ല പി കെ ശശിയെ ക്ഷണിച്ചത്. വര്ഷങ്ങളായി പാലക്കാട് ജില്ലയിലും മണ്ണാര്ക്കാടുമായി പൊതുരംഗത്ത് പ്രവര്ത്തിക്കുന്നയാളാണ് പി കെ ശശി. പരസ്യമായി ക്ഷണിച്ചിട്ടില്ല. തമാശരൂപേണ പറഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. സിപിഐഎം ആളായി തുടരുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞതെന്നും ചെയര്മാന് പറഞ്ഞു. എന്നാല് പി കെ ശശിയെ കോണ്ഗ്രസിലേക്ക് ക്ഷണിക്കുന്നത് ദൗര്ഭാഗ്യകരമെന്ന നിലപാടിലാണ് യൂത്ത് കോണ്ഗ്രസ്.
'നാറിയവനെ പേറിയാല് പേറിയവനും നാറും. പി കെ ശശിയെ പോലെ സ്ത്രീപീഡനം ആരോപണം നേരിടുന്നവര്ക്ക് കോണ്ഗ്രസ് പരവതാനി വിരിക്കരുത്' എന്നുമാണ് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറല് സെക്രട്ടറി വി പി ദുല്ഖിഫില് വിമര്ശിച്ചത്.
മണ്ണാര്ക്കാട് നഗരസഭയുടെ ആയുര്വേദ ഡിസ്പെന്സറി ഉദ്ഘാടന ചടങ്ങില് പി കെ ശശി പങ്കെടുത്തതിന് പിന്നാലെയാണ് ശശി കോണ്ഗ്രസിലേയ്ക്കെന്ന ചര്ച്ചകള് ഉടലെടുത്തത്. 'കൊച്ചി പഴയ കൊച്ചിയല്ല, ബിലാല് പഴയ ബിലാല് തന്നെയാണ്' എന്നും പി കെ ശശി പറഞ്ഞിരുന്നു. സിപിഐഎമ്മില് അച്ചടക്ക നടപടി നേരിട്ട പി കെ ശശിയെ ചടങ്ങില് പങ്കെടുത്ത വി കെ ശ്രീകണ്ഠന് പരോക്ഷമായി കോണ്ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വെളുത്ത കോട്ടണ് ഷര്ട്ട് ധരിച്ചെത്തിയ പി കെ ശശിയോട് ഇത് ഏറ്റവും നന്നായി യോജിക്കുന്നുണ്ടെന്നായിരുന്നു വി ശ്രീകണ്ഠന് പറഞ്ഞത്. മറ്റുനിറത്തിലുള്ള വസ്ത്രങ്ങളേക്കാള് താങ്കള്ക്ക് യോജിക്കുന്നത് തൂവെള്ള നിറത്തിലുള്ള ഖദര് ഷര്ട്ട് ആണെന്നും എം പി പറഞ്ഞിരുന്നു.
എന്നാല് ഇത് കോട്ടണ് ആണെന്നായിരുന്നു പി കെ ശശിയുടെ മറുപടി. തുടര്ന്ന് ഖദറും കോട്ടണും ചേട്ടനും അനുജനും ആണെന്ന് എംപി മറുപടിയും നല്കി. വെള്ള നന്നായി ചേരുന്നുവെന്ന് ആവര്ത്തിക്കുകയാണെന്നും അത് അമര്ത്തിപ്പറയുകയാണെന്നും എം പി പറയുകയും ചെയ്തിരുന്നു. തുടര്ന്ന് സംസാരിച്ച എന് ഷംസുദ്ദീന് എംഎല്എയും പി കെ ശശിയുടെ വെളുത്ത ഷര്ട്ടിനെ പരാമര്ശിച്ചിരുന്നു. വെള്ളവസ്ത്രത്തില് ഇക്കൂട്ടത്തില് ഇരിക്കുമ്പോള് ഒരു യോജിപ്പുണ്ടെന്നായിരുന്നു പറഞ്ഞത്. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി വേദിയിലിരിക്കെയാണ് എംപിയുടെയും എംഎല്എയുടെയും പരാമര്ശങ്ങള്.
Content Highlights: Congress moves to bring PK Sasi into palakkad