കൊല്ലം: ഷാര്ജയില് ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി ജീവനൊടുക്കിയ സംഭവത്തില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം. മൃതദേഹം കേരളത്തിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യണമെന്നും മകളുടെ ഭര്ത്താവ് നിതീഷിനെതിരെ അന്വേഷണം നടത്തണമെന്നും മരിച്ച വിപഞ്ചികയുടെ അമ്മ റിപ്പോര്ട്ടറിനോട് പറഞ്ഞു.
പരാതിയില് സമഗ്രവും സുതാര്യവുമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. സിബിഐക്ക് അന്വേഷണം കൈമാറണം. കുറ്റവാളികളെ ശിക്ഷിക്കണം. സംസ്ഥാന കേന്ദ്രസര്ക്കാരുകളുടെ ഭാഗത്ത് നിന്നും പിന്തുണ ഉണ്ടാകണമെന്നും കുടുംബം പറഞ്ഞു.
'എന്റെ മകള് ഒരിക്കലും ജീവനൊടുക്കില്ല. എന്തിനാണ് കൊന്നതെന്ന് എനിക്ക് അറിയണം. മുതല് ആണെങ്കില് അവര് എടുത്തോട്ടെ. കുഞ്ഞിന്റെ ജീവന് തിരിച്ചുതന്നാല് പോരായിരുന്നോ. മകളെ കൊന്നതുതന്നെയാണ്. ശിക്ഷ വാങ്ങിക്കൊടുക്കണം. എത്ര ജീവന് ഇങ്ങനെ പൊലിയുന്നു', എന്നാണ് ദുഃഖം അടക്കാനാവാതെ അമ്മ റിപ്പോര്ട്ടറിനോട് പ്രതികരിച്ചത്.
മരണത്തിന് കാരണക്കാര് ഭര്ത്താവും കുടുംബവും ആണെന്ന് ആരോപിച്ചുകൊണ്ട് വിപഞ്ചിക എഴുതിയ കുറിപ്പ് പുറത്തുവന്നിരുന്നു. ഭര്തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് ക്രൂരമായി പീഡിപ്പിക്കുന്നതായും വിപഞ്ചികയുടെ കുറിപ്പില് പറയുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില് വിപഞ്ചിക (33), മകള് വൈഭവി (ഒന്നര) എന്നിവരെ അല് നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തിയത്. മരണത്തില് ദുരൂഹത ആരോപിച്ച് യുഎഇ എംബസി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മീഷണര് എന്നിവര്ക്ക് കുടുംബം പരാതി നല്കിയിട്ടുണ്ട്. ദുബായിലെ സ്വകാര്യ സ്ഥാപനത്തില് ഫയലിങ് ക്ലര്ക്കാണ് വിപഞ്ചിക. ദുബായില് തന്നെ ജോലി ചെയ്യുകയാണ് ഭര്ത്താവ് കോട്ടയം നാല്ക്കവല സ്വദേശി നിധിഷ്. ഇരുവരും വേര്പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നാണ് വിവരം. ഏഴുവര്ഷമായി വിപഞ്ചിക ദുബായിലാണ് ജോലി ചെയ്യുന്നത്. നാലര വര്ഷം മുന്പായിരുന്നു വിവാഹം.
Content Highlights: Vipanchika's family wants CBI probe into death