'സർവകലാശാലയ്ക്ക് ലഭിക്കേണ്ട പ്രൊജക്ടുകൾ അധ്യാപകർ തട്ടിയെടുക്കുന്നു'; ഗവർണർക്ക് പരാതി നൽകി സിസ തോമസ്

കാര്യമായ സർക്കാർ സഹായമില്ലാത്തതുകാരണം സ്വന്തമായ പ്രൊജക്ടുകളിലൂടെയാണ് സർവകലാശാല പണം കണ്ടെത്തുന്നത്

കോഴിക്കോട്: ഡിജിറ്റൽ സർവകലാശാലയിലെ അധ്യാപകർക്കെതിരെ പരാതിയുമായി വൈസ് ചാൻസലർ സിസ തോമസ് രംഗത്ത്. അധ്യാപകർ സ്വന്തമായി കമ്പനികൾ ഉണ്ടാക്കി സർവ്വകലാശാലയുടെ പ്രൊജക്റ്റുകൾ തട്ടിയെടുക്കുന്നു എന്നാണ് സിസ തോമസിന്റെ ആരോപണം. ഇത് സംബന്ധിച്ച് വി സി ഗവർണർക്ക് പരാതി നൽകി.

മുഖ്യമന്ത്രിയുടെ ഐടി വകുപ്പിന് കീഴിലാണ് ഡിജിറ്റൽ സർവകലാശാലയുള്ളത്. കാര്യമായ സർക്കാർ സഹായമില്ലാത്തത് കാരണം സ്വന്തമായ പ്രൊജക്ടുകളിലൂടെയാണ് സർവകലാശാല പണം കണ്ടെത്തുന്നത്. കേന്ദ്ര സർക്കാരിന്റെയടക്കം വിവിധ ഏജൻസികളുടെ പദ്ധതികളാണ് സർവകലാശാല ഏറ്റെടുക്കുക. എന്നാൽ ആ പ്രൊജക്റ്റുകൾ സ്വന്തമായി കമ്പനികളുണ്ടാക്കി അധ്യാപകർ ഏറ്റെടുക്കുന്നുവെന്നും വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നുമാണ് പരാതിയിലുള്ളത്.

ഇതിനായി സർവകലാശാലയിൽ സൗകര്യങ്ങളെയും ജീവനക്കാരെയും ഉപയോഗിക്കുകയാണ് എന്നും സിസ തോമസ് പറയുന്നു. അതിനാൽ വിവിധ പ്രൊജക്ടുകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്രമായ ഓഡിറ്റ് വേണമെന്നും വി സി ആവശ്യപ്പെടുന്നു.

ഡിജിറ്റൽ സർവകലാശാലയിലെ സാമ്പത്തിക തട്ടിപ്പുകളിൽ ഗവർണർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി സി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ, ക്രമക്കേടുകൾ സംബന്ധിച്ച് സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പിന്നാലെയാണ് ഡിജിപിക്കും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനും ഗവർണർ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയത്.

Content Highlights: VC sisa thomas submits complaint to governor on digital university irregularities

To advertise here,contact us