തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടികളില് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി എംപി പങ്കെടുക്കാത്തത് വിവാദമായി. ഇതിനെ തുടര്ന്ന് വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തി. മുന് നിശ്ചയിച്ച പരിപാടികള് ഉണ്ടായിരുന്നതിനാലാണ് കേന്ദ്രമന്ത്രിയുടെ പരിപാടികളില് പങ്കെടുക്കാതിരുന്നതെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലും നേതൃസംഗമത്തിലും പങ്കെടുക്കാതിരുന്ന സുരേഷ് ഗോപി എംപി അതേസമയം കോട്ടയത്ത് നടന്ന സ്വകാര്യ പരിപാടികളിലായിരുന്നു.
കേരളത്തില് നിന്നുള്ള ഒരു കേന്ദ്രമന്ത്രി ബിജെപിയുടെ പ്രധാനപ്പെട്ട പരിപാടിയില് നിന്നും വിട്ടുനിന്നത് വലിയ തോതില് വിമര്ശനങ്ങള്ക്ക് ഇടയാക്കിയിരുന്നു. പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് നേതൃത്വത്തെ അറിയിച്ചതായും സുരേഷ് ഗോപി വിശദീകരിച്ചു. കഴിഞ്ഞ ദിവസം അമിത് ഷായെ സ്വീകരിക്കാന് വിമാനത്താവളത്തില് പോയിരുന്നെങ്കിലും വിമാനം വൈകിയതിനാല് കോട്ടയത്തേക്ക് തിരിക്കുക ആയിരുന്നെന്നാണ് വിശദീകരണത്തില് സുരേഷ് ഗോപി പറയുന്നത്. ഒപ്പം പുനഃസംഘടനയിലെ അതൃപ്തി കാരണമാണ് ബിജെപി പരിപാടികളില് നിന്നും വിട്ടുനിന്നതെന്ന വാദവും അദ്ദേഹം തള്ളിയിട്ടുണ്ട്. നേതൃത്വത്തിന്റെ അനുമതിയോടെയാണ് മറ്റു പരിപാടികളിൽ പങ്കെടുത്തത്. തൃശൂരിന് ഭാരവാഹി പട്ടികയിൽ നല്ല പ്രാതിനിധ്യം ലഭിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂര് ജില്ലാ അധ്യക്ഷനായിരുന്ന അനീഷിനെ സംസ്ഥാന ജനറല് സെക്രട്ടറിയാക്കാന് സുരേഷ് ഗോപി നിര്ദ്ദേശിച്ചെങ്കിലും ആ നിര്ദ്ദേശം സംസ്ഥാന നേതൃത്വം അവഗണിച്ചു. ഇതാണ് അമിത്ഷായുടെ പരിപാടിയില് നിന്നും അദ്ദേഹം വിട്ടുനില്ക്കാന് കാരണമെന്നാണ് ഒരു വശത്ത് നടക്കുന്ന പ്രചാരണം.Content Highlight: Suresh Gopi's clarification on his absence in Amit Shah's Programs