ഒമാനിൽ നിന്ന് ഗുണനിലവാരം കൂടിയ എംഡിഎംഎ; 'ഡോൺ' സഞ്ജുവിന് ഉന്നത ബന്ധം; അന്വേഷണം സിനിമയിലേക്കും

ഒമാനിൽ നിന്നെത്തിച്ച ഗുണനിലവാരം കൂടിയ എംഡിഎംഎ വിൽക്കുന്നത് പ്രധാനപ്പെട്ട ആളുകൾക്കായിരിക്കും എന്നാണ് പൊലീസ് നിഗമനം

തിരുവനന്തപുരം: കല്ലമ്പലത്ത് നിന്ന് ലഹരിയുമായി പിടിക്കപ്പെട്ട 'ഡോൺ' സഞ്ജുവിന് ഉണ്ടായിരുന്നത് ഉന്നത ബന്ധങ്ങളെന്ന് പൊലീസ്. സിനിമാ മേഖലയിൽ ഉള്ളവരുമായി അടക്കം സഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇയാൾ സിനിമയിലെ യുവതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പൊലീസ് ശേഖരിച്ചു. സഞ്ജു ഒമാനിൽ നിന്നെത്തിച്ചത് ഗുണനിലവാരം കൂടിയ എംഡിഎംഎയാണ്‌. ഇത് വിൽക്കുന്നത് പ്രധാനപ്പെട്ട ആളുകൾക്കായിരിക്കും എന്നാണ് പൊലീസ് നിഗമനം. ഈ വർഷം മാത്രം സഞ്ജു നാല് തവണ ഒമാനിലേക്ക് പോയി. ഈ യാത്രകളിലും എംഡിഎംഎ കടത്തിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ജൂലൈ പത്തിനാണ് തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് പൊലീസ് വൻ ലഹരിവേട്ട നടത്തിയത്. നാല് കോടി രൂപ വിലവരുന്ന, ഒന്നേകാല്‍ കിലോ എംഡിഎംഎയുമായാണ് സഞ്ജു അടക്കമുള്ളവരെ പൊലീസ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന്‍ ശ്രമം നടന്നത്.

സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്‍, പ്രമീണ്‍ എന്നിവരും കൂടിയാണ് പിടിയിലായത്. പ്രതികള്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നോവ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില്‍ ഇവര്‍ എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല്‍ ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍.

ഡോൺ സഞ്ജു സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് അറിയിച്ചത്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

Content Highlights: Sanju, caught with mdma at thiruvananthapuram, had ties with many people in cinema

To advertise here,contact us