കെഎസ്ആർടിസിയിലെ വിവാദ സദാചാര നടപടി; വനിതാ കണ്ടക്ടറുടെ സസ്‌പെൻഷൻ പിൻവലിച്ച് ഗതാഗത വകുപ്പ്

കെഎസ്ആർടിസിയിലെ ഈ സദാചാര നടപടി വലിയ വിവാദമായിരുന്നു

തിരുവനന്തപുരം: 'അവിഹിതം' ആരോപിച്ചുകൊണ്ട് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്ത വിവാദ സദാചാര നടപടി തിരുത്തി ഗതാഗത വകുപ്പ്. വനിതാ കണ്ടക്ടറെ സസ്‌പെൻഡ് ചെയ്യാനുള്ള നിർദേശം പിൻവലിച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.

കെഎസ്ആർടിസിയിലെ ഈ സദാചാര നടപടി വലിയ വിവാദമായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി 'അവിഹിതം' ഉണ്ടെന്ന് കാണിച്ച് ഭാര്യയാണ് കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.

അന്വേഷണത്തില്‍ 'കണ്ടക്ടര്‍ ഏറെ നേരം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിഞ്ഞ് ഇറങ്ങുന്നതായും കാണുന്നു' എന്ന് നടപടി ഉത്തരവില്‍ പറഞ്ഞിരുന്നു. കണ്ടക്ടറും ഡ്രൈവറും തമ്മില്‍ 'അവിഹിതം' ഇല്ലായെന്ന് പറയുന്നുണ്ടെങ്കിലും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായെന്നും ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുന്ന വിധത്തില്‍ കണ്ടക്ടര്‍ സംസാരിച്ചത് വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവാദ നടപടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

Content Highlights: KSRTC revokes suspension of women conductor after alleging extra marital affair

To advertise here,contact us