തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലെ സംഭവത്തിലുമാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുള്ളത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും പൊലീസിനോടും കമ്മീഷൻ വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു.
ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിൽ വിരമിച്ച 30 അധ്യാപകരുടെ കാലുകളാണ് വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചത്. അധ്യാപകരുടെ കാലിൽ വെള്ളം തളിച്ച് പൂക്കളിട്ട് പൂജ ചെയ്യിക്കുകയായിരുന്നു. വിദ്യാർത്ഥികളെ നിലത്ത് മുട്ട് കുത്തിയിരുത്തിയ ചിത്രം പുറത്തുവന്നു. ശേഷം, കസേരയിൽ ഇരിക്കുന്ന അധ്യാപകരുടെ കാലിൽ പൂക്കളും വെള്ളവും തളിച്ച് പൂജ ചെയ്ത് തൊട്ട് വന്ദിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ 101 അധ്യാപകരുടെ പാദമാണ് വിദ്യാർത്ഥികളെക്കൊണ്ട് കഴുകിച്ചത്. പിന്നാലെ മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ നിന്നുള്ള കാൽ കഴുകൽ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഗുരുപൂർണിമ ദിനത്തിൽ വ്യാപകമായി ഉണ്ടായ 'പാദപൂജ'യ്ക്കെതിരെ മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും കിട്ടിയാൽ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ് എന്നും ഇത്തരം പ്രവൃത്തികൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
കാൽ കഴുകലിൽ വിമർശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല് രംഗത്തെത്തിയിരുന്നു. സംഘപരിവാര് നാടിനെ എങ്ങോട്ട് നയിക്കാന് ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്ത്തിയെന്നും വിദ്യാര്ത്ഥികള്ക്ക് പകര്ന്നുനല്കേണ്ടത് അജ്ഞതയല്ല, അറിവാണെന്നും സംസ്ഥാന സര്ക്കാര് വിഷയത്തില് ഇടപെട്ട് ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് ജെയിംസ് സാമുവല് പ്രതികരിച്ചത്. വിദ്യാർത്ഥികളിൽ ശാസ്ത്ര ബോധവും അറിവും വളർത്തേണ്ട സ്കൂളുകൾ ജീർണ്ണമായ വ്യവസ്ഥിതിയിലേക്കും അടിമത്വത്തിലേക്കും നയിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നത് വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യം ഇല്ലാതാക്കാനാണ്. അവർണർക്ക് അക്ഷരം നിഷേധിച്ച സവർണാധിപത്യത്തിനെതിരെ പോരാടി നേടിയ വിദ്യാഭ്യാസ അവകാശത്തെ ഒരാളുടേയും കാൽപ്പാദങ്ങളിൽ സമർപ്പിക്കരുതെന്ന മനുഷ്യാവകാശ പാഠമാണ് കുട്ടികൾ പഠിക്കേണ്ടതെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: commission for protection of child rights took case at padhapooja across kerala