പാലക്കാട്: പൊല്പ്പുളളിയില് കാര് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില് പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊല്പ്പുളളി കൈപ്പക്കോട് സ്വദേശി എല്സി മാര്ട്ടിന്, മക്കളായ എമിലീന മരിയ മാര്ട്ടിന്, ആല്ഫ്രഡ് പാര്പ്പിന് എന്നിവര്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവര്ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്മാര് പറയുന്നത്. മറ്റൊരു മകള്ക്കും അപകടത്തില് പരിക്കേറ്റിട്ടുണ്ട്. പെണ്കുട്ടിക്ക് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. എല്സിയുടെയും മക്കളുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര് അറിയിച്ചു.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്സി മാര്ട്ടിന്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില് കയറിയപ്പോഴായിരുന്നു സംഭവം. കാര് അതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്സിയും കിടന്നിരുന്നത്. കാറിന്റെ പിന്വശത്തായിരുന്നു തീ ഉയര്ന്നത്. മുതിര്ന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളാണുളളത്.
കാര് സ്റ്റാര്ട്ട് ചെയ്ത ഉടന് പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാര്ട്ട് ചെയ്യാന് ചെയ്യാന് ശ്രമിച്ചപ്പോഴാണ് പൊട്ടിതെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലന്സില് ഉണ്ടായിരുന്ന അയല്വാസി പറഞ്ഞു. എല്സിയുടെ ഭര്ത്താവ് അടുത്തിടെയാണ് മരിച്ചത്. ഏറെ നാളായി ഉപയോഗിച്ചിട്ടില്ലാത്ത കാറാണ് പൊട്ടിത്തെറിച്ചത്. അപകടകാരണം കണ്ടെത്താനായി മോട്ടോര് വാഹനവകുപ്പ്, ഫയര്ഫോഴ്സ്, പൊലീസ് എന്നിവരുടെ നേതൃത്വത്തില് പരിശോധന നടത്തി. ബാറ്ററി ഷോർട്ട് സർക്യൂട്ടായതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. കാറിന്റെ കാല്പഴക്കമായിരിക്കാം ഷോർട്ട് സർക്യൂട്ടിലേക്ക് നയിച്ചതെന്നും പൂർണ്ണമായും കത്തി നശിച്ച കാറിൽ വിശദ പരിശോധന നടത്താൻ കഴിയില്ലെന്നും ചിറ്റൂരിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Car explosion in Palakkad: Woman and two children in critical condition