'ഗവർണർക്കെതിരെ രാജ്ഭവനിൽ സമരം നടത്ത്, യൂണിവേഴ്സിറ്റിയിൽ എന്തിനാണ് സമരാഭാസം'; എസ്എഫ്ഐ ക്രിമിനലുകളെന്ന് സതീശൻ

അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ

തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗവർണർക്കെതിരെ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശൻ ചോദിച്ചു. സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു.

ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ കേരളത്തിൽ ഓടില്ലെന്നും സതീശൻ പറഞ്ഞു. '1977ൽ ആർഎസ്എസ് പിന്തുണയോടെ ജയിച്ച ആളല്ലേ പിണറായി വിജയൻ. മസ്കറ്റിൽ വെച്ച് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ആളല്ലേ അദ്ദേഹം. നിതിൻ ഗഡ്കരിക്ക് പൊന്നാടയുമായി പോയത് ആരാണ്? താൻ ഗവർണറോടൊപ്പവും നിർമല സീതാരാമനോടൊപ്പവും പുട്ടും കടലയും കഴിക്കാൻ പോയ ആളല്ല. അപ്പോൾ ആർഎസ്എസ് ഏജന്റ് ആരായിരുന്നുവെന്ന് എസ്എഫ്ഐക്കാരോട് ചോദിക്കണ'മെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം.

മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദിന്റെ കൈവെട്ടിക്കളയും എന്നാണ് സിപിഐഎം പറയുന്നത് എന്നും എങ്ങോട്ടാണ് ഇവരുടെ പോക്ക് എന്നും സതീശൻ ചോദിച്ചു. പിണറായി വിജയനും പൊലീസിനും അങ്ങനെ പറഞ്ഞവരെ ജയിലടക്കാൻ ധൈര്യമുണ്ടോ എന്നും സതീശൻ ചോദിച്ചു. മോദി സർക്കാരും ഈ സർക്കാരും തമ്മിൽ എന്താണ് വ്യത്യാസമെന്നും സതീശൻ ചോദിച്ചു. ശശി തരൂരിനെപ്പറ്റി ചോദിച്ചപ്പോൾ നോ കമന്റ്സ് എന്നായിരുന്നു സതീശന്റെ മറുപടി.

Content Highlights: vd satheesan calls sfi as criminals and questions university protests

To advertise here,contact us