വീടുവെയ്ക്കാൻ കഴിയാത്ത വിധം ഭൂമി കുഴിച്ചു; മണ്ണും പാറക്കല്ലും വിറ്റു; ലൈഫ് മിഷൻ പദ്ധതി അട്ടിമറിക്കുന്നു?

സര്‍ക്കാരിന്റെ മണ്ണും വീടും പദ്ധതിയാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്

തിരുവനന്തപുരം: തിരുവനന്തപുരം പള്ളിച്ചല്‍ പഞ്ചായത്തില്‍ ലൈഫ് മിഷന്‍ പദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപണം. വീടുവെയ്ക്കാന്‍ കഴിയാത്ത വിധം ഭൂമി കുഴിച്ചു എന്നാണ് ആരോപണം. ആറ് പേരുടെ പേരിലുള്ളതാണ് ഭൂമി. ആറ് മാസമായി പ്രദേശത്ത് പാറപൊട്ടിക്കലും മണ്ണെടുപ്പും തുടരുകയാണ്. ഇതുവരം 121 ലോഡ് മണ്ണും 85 ലോഡ് പാറക്കല്ലും വില്‍പന നടത്തിതായി പരാതിയുണ്ട്. മുഖ്യമന്ത്രിക്കും പൊലീസിനും പഞ്ചായത്തിലും പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആരോപണം. ഇതിന് പിന്നില്‍ മണല്‍, പാറക്കല്ല് മാഫിയയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ മണ്ണും വീടും പദ്ധതിയാണ് ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്. ഭൂമിയുടെ ഉടമസ്ഥരില്‍ നാല് പേരും ദളിത് കുടുംബങ്ങളാണ്. റിപ്പോര്‍ട്ടര്‍ എസ്‌ഐടി ഇന്‍വസ്റ്റിഗേഷന്‍.

വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി സ്ഥലം നിരപ്പാക്കുന്നതിന് വേണ്ടിയാണ് ഭൂ ഉടമകള്‍ വിജയന്‍ എന്നയാള്‍ക്ക് കരാര്‍ നല്‍കുന്നത്. 2023 ഡിസംബര്‍ മാസത്തിലായിരുന്നു ഇത്. പത്താം വാര്‍ഡിലെ മെമ്പറായിരുന്ന ശാരിക ഡി. എസിന്റെ ഭര്‍ത്താവാണ് തങ്ങള്‍ക്ക് ഈ സ്ഥലം വാങ്ങാനുള്ള ഇടപാട് ചെയ്തു നല്‍കിയതെന്ന് ഭൂഉടമകളില്‍ ഒരാളായ മനൂജ പറഞ്ഞു. കരാറുകാരനായ വിജയനെ പരിചയപ്പെടുത്തിയതും മെമ്പറിന്റെ ഭര്‍ത്താവാണെന്നും യുവതി പറഞ്ഞു. അതിന് ശേഷം ഒരു വര്‍ഷത്തോളം പ്രദേശത്തുനിന്ന് മണ്ണെടുക്കുന്നില്ല. 2025 ഫെബ്രുവരി മാസത്തില്‍ ഇവര്‍ക്ക് വീട് നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നു. ഇതിനിടെയാണ് വീട് നിര്‍മാണത്തിന്റെ മറവില്‍ കരാറുകാരന്‍ മൂന്നോളം പെര്‍മിറ്റുകള്‍ തരപ്പെടുത്തിയ വിവരം അറിയുന്നത്. തങ്ങള്‍ മൂന്ന് പേരുടെ പെര്‍മിറ്റ് ഉപയോഗിച്ച് ഇയാള്‍ മണ്ണെടുത്തതായും മനൂജ ആരോപിച്ചു. അതേസമയം, ഭൂഉടമകളുടെ ആരോപണം തള്ളി കരാറുകാരൻ രംഗത്തെത്തി. കരാർ പ്രകാരമുള്ള മണ്ണ് മാത്രമാണ് നീക്കിയതെന്ന് കരാറുകാരൻ പറഞ്ഞു. ഒൻപത് പാസുകളായിരുന്നു ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കിയതെന്നും കരാറുകാരൻ പറഞ്ഞു.

അതിനിടെ വീട് നിര്‍മിക്കാനുള്ള ആദ്യ ഗഡു തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നേമം ബ്ലോക്ക് പഞ്ചായത്ത് മൂന്ന് കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 48000 രൂപ തിരിച്ചടക്കണെന്നാണ് നോട്ടീസ്. ഇതോടെ വീട് നിര്‍മിക്കാന്‍ കഴിയാതെ കുടുങ്ങിയിരിക്കുകയാണ് സ്ഥലമുടമകള്‍.

Content Highlights: Three families from pallichal panchayat complaint against contractor who sell soil and rocks without permit

To advertise here,contact us