തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കോടികളുടെ എംഡിഎംഎ പിടികൂടിയതില് പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന് പൊലീസ്. വിദേശയാത്രകളിലും അന്വേഷണം നടത്തും. ടൂറിസ്റ്റ് മേഖല ലക്ഷ്യംവെച്ചാണ് പ്രതികള് മയക്കുമരുന്ന് എത്തിച്ചതെന്നാണ് നിഗമനം. ഡോണ് എന്നറിയപ്പെടുന്ന സഞ്ജു മയക്കുമരുന്ന് വ്യാപാരരംഗത്ത് പ്രധാനിയാണ് എന്നാണ് പൊലീസും ഡാന്സാഫ് സംഘവും നല്കുന്ന വിവരം. നേരത്തെ തന്നെ സഞ്ജുവിനെക്കുറിച്ച് ഡാന്സാഫിന് വിവരമുണ്ടായിരുന്നു.
ഈ വര്ഷം മാത്രം നാലുതവണ സഞ്ജു മസ്കറ്റില് പോയി തിരിച്ചുവന്നു. അവിടെ ജോലിയോ വ്യാപാരമോ ഇല്ലാത്ത സഞ്ജു എന്തിനാണ് തുടര്ച്ചയായി മസ്കറ്റിലേക്ക് പോയതെന്ന് പൊലീസ് അന്വേഷിക്കും. സഞ്ജുവില് നിന്നും പിടിച്ച എംഡിഎംഎ സാധാരണ ബെംഗളൂരുവില് നിന്നും മറ്റും കേരളത്തിലേക്ക് വരുന്ന ഗുണനിലവാരമില്ലാത്ത എംഡിഎംഎ അല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മികച്ച ഗുണനിലവാരമുളള എംഡിഎംഎയാണ് വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതെന്നാണ് പരിശോധിച്ച ഉദ്യോഗസ്ഥര് പറയുന്നത്.
ഇന്നലെ ഒന്നേകാല് കിലോ എംഡിഎംഎയുമായാണ് പ്രതികളെ പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില് വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില് കറുത്ത കവറില് ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താന് ശ്രമം നടന്നത്. സംഭവത്തില് വര്ക്കല സ്വദേശി സഞ്ജു, വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണന്, പ്രമീണ് എന്നിവരാണ് പിടിയിലായത്. മയക്കു മരുന്ന് മാഫിയയുടെ ഇടയില് ഡോണ് എന്നാണ് സഞ്ജുവിനെ അറിയപ്പെടുന്നത്. ഇയാളുടെ നേതൃത്വത്തില് രാസലഹരി വ്യാപനം നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
ജൂലൈ 9-ന് രാത്രി വിദേശത്ത് നിന്ന് വന്ന പ്രതികള് വിമാനത്താവളത്തില് നിന്ന് ഇന്നോവ കാറില് മറ്റൊരു സ്ഥലത്തേക്ക് പോവുകയായിരുന്നു. പിന്നാലെ മറ്റൊരു പിക്കപ്പ് വാനില് ഇവര് എംഡിഎംഎ ഈത്തപ്പഴ പെട്ടിക്കുള്ളിലാക്കി കടത്താന് ശ്രമിക്കവെയാണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി റൂറല് ഡാന്സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്. 2023 ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലെ പ്രതിയാണ് സഞ്ജു. പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
Content Highlights: Thiruvananthapuram drug bust: Police to investigate financial sources of accused