മീഡിയ പാനലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പി ആർ ശിവശങ്കർ ലെഫ്റ്റ്; പട്ടികയ്ക്ക് പിന്നാലെ പൊട്ടിത്തെറി

മുരളീധര വിഭാഗത്തില്‍ നിന്നുള്ള പി സുധീര്‍, സി കൃഷ്ണകുമാര്‍ എന്നിവരെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

തിരുവനന്തപുരം: പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. മീഡിയ പാനലിസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പി ആര്‍ ശിവശങ്കര്‍ സ്വയം ഒഴിഞ്ഞു. ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ഇറങ്ങിപ്പോയത്. ഭാരവാഹിപ്പട്ടികയില്‍ ശിവശങ്കര്‍ ഇടം നേടിയിരുന്നില്ല.

എം ടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവരെ ജനറല്‍ സെക്രട്ടറിമാരാക്കിയാണ് പുതിയ ഭാരവാഹി പട്ടിക.

മുരളീധര വിഭാഗത്തില്‍ നിന്നുള്ള പി സുധീര്‍, സി കൃഷ്ണകുമാര്‍ എന്നിവരെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 20% പുതുമുഖങ്ങളെയാണ് രാജീവ് ചന്ദ്രശേഖര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഉപാധ്യക്ഷന്മാരില്‍ പകുതിയും പുതുമുഖങ്ങളാണ്. ആര്‍ ശ്രീലേഖ, മുന്‍ വി സി ഡോ: അബ്ദുള്‍ സലാം, അഡ്വ. ഷോണ്‍ ജോര്‍ജ്, അഡ്വ.പി പി അനീഷ് കുമാര്‍ എന്നിവരെ സംസ്ഥാന ഉപാധ്യക്ഷന്മാരാക്കി. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാവ് എ എന്‍ രാധാകൃഷ്ണനെ ഉപാധ്യക്ഷ പദവിയില്‍ നിന്നൊഴിവാക്കിയെങ്കിലും ദേശീയ നിര്‍വാഹക സമിതിയില്‍ പരിഗണിക്കപ്പെട്ടേക്കാം. മേജര്‍ രവി, വി ടി രമ ,ഡോ: പ്രമീളാദേവി, പി രഘുനാഥ് എന്നിവരും ഭാരവാഹി പട്ടികയില്‍ നിന്നും പുറത്തായി.

അനൂപ് ആന്റണിയും എസ് സുരേഷും കീ പോസ്റ്റായ ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്നതും ശോഭാ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ തിരിച്ചെത്തുന്നതും എംടി രമേശിനെ നിലനിര്‍ത്തുന്നതും വി മുരളീധര പക്ഷത്തിന് തിരിച്ചടിയാകും. ശോഭ സുരേന്ദ്രനൊഴികെ മൂന്ന് ജനറല്‍ സെക്രട്ടറിമാരും കൃഷ്ണദാസ് പക്ഷത്ത് നിന്നാണെന്നതും ശ്രദ്ധേയമാണ്. സെക്രട്ടറി പദവിയിലും കൃഷ്ണദാസ് പക്ഷത്തിനാണ് മുന്‍തൂക്കം. മുരളീധര പക്ഷത്ത് നിന്നുള്ള വി വി രാജേഷിനെ സെക്രട്ടറി പദത്തില്‍ ഒതുക്കി. ഗ്രൂപ്പ് തര്‍ക്കം മൂലം യുവമോര്‍ച്ചയുള്‍പ്പെടെ പോഷക സംഘടന അധ്യക്ഷന്മാരെ സംസ്ഥാന ഭാരവാഹികള്‍ക്കൊപ്പം പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: PR Shivshankar Left from BJP Media Panelist WhatsApp Group

To advertise here,contact us