'നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനും മടിയില്ല'; ഗവർണറുടെ പരിപാടി ബഹിഷ്‌കരിച്ചെന്ന വാർത്ത തള്ളി മന്ത്രി

പരിപാടിയിൽ എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന കാര്യവും മന്ത്രി വിശദീകരിച്ചു

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ പരിപാടി ബഹിഷ്‌കരിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാലാണ് ഇന്നലെ മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതെന്നും അത് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗവര്‍ണറുടെ പരിപാടി വീണ്ടും ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി എന്ന മട്ടില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ട്. മന്ത്രിസഭാ യോഗം നീണ്ടുപോയതിനാല്‍ ആണ് ഇന്നലെ മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്.അത് ഇന്നലെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരു കാര്യം വീണ്ടും വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത് പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ല.

വ്യാഴാഴ്ച മസ്‌ക്കറ്റ് ഹോട്ടലില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി മന്ത്രി വി ശിവന്‍കുട്ടി ബഹിഷ്‌കരിച്ചുവെന്നായിരുന്നു വാര്‍ത്ത. ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനുമായായിരുന്നു നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടി ബഹിഷ്‌കരിച്ച മന്ത്രി ഗവര്‍ണര്‍ പങ്കെടുത്ത മറ്റൊരു പരിപാടിയും ബഹിഷ്‌കരിച്ചു എന്ന നിലയിലായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതോടെയാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

കഴിഞ്ഞ മാസം രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് വിവാദത്തിന് വഴിവെച്ചിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയുടെ നടപടി. പരിപാടിയില്‍ ഈ ചിത്രംവെയ്ക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം മന്ത്രി പരിപാടിക്ക് എത്താതിരുന്നതിനെ മാധ്യമങ്ങള്‍ ബഹിഷ്‌കരണമായി ചിത്രീകരിച്ചത്.

Content Highlights- Minister V Sivankutty reaction on boycott news

To advertise here,contact us