കാലിക്കറ്റ് സര്‍വകലാശാലയിലേയ്ക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് നടത്തിയ ഡിഎംഒ ഓഫീസ് മാർച്ചിലും സംഘർഷം

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുളള കെഎസ്‌യുവിന്റെ പ്രതിഷേധത്തിൽ സംഘർഷം. പൊലീസും കെഎസ്‌യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. പൊലീസിനെ മറികടന്ന് വി സിയുടെ ചേമ്പറിലേക്ക് കടക്കാനുളള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി സര്‍വകലാശാലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ്- ലീഗ് അധ്യാപകേതര സംഘടനയിലെ അംഗങ്ങളായ ജീവനക്കാരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതിനുപിന്നാലെ എംഎസ്എഫും എസ്എഫ്‌ഐക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ മുരളീധരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. സംഘര്‍ഷഭരിതമാണ് ആലപ്പുഴയിലെ സാഹചര്യം. ജില്ലാ പ്രസിഡന്റുള്‍പ്പെടെ പങ്കെടുത്ത മാര്‍ച്ചില്‍ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് പ്രവര്‍ത്തകര്‍.

Content Highlights: KSU-Youth Congress protests at Calicut University and DMO office Alappzuha

To advertise here,contact us