തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുമ്പോൾ ജിഎസ് ടി വകുപ്പിൽ ലക്ഷങ്ങൾ പൊടിപൊടിച്ച് വീണ്ടും പഞ്ചനക്ഷത്ര പരിശീലനം. 250ൽ താഴെ മാത്രം വരുന്ന ജിഎസ് ടി ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഖജനാവിൽ നിന്ന് 48 ലക്ഷം രൂപ ചെലവഴിച്ച് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ സ്വകാര്യ ഹാളിലാണ് പരിശീലനം നടക്കുന്നത്. ഇന്ന് മുതലാണ് പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തിൽ പങ്കെടുക്കുന്നവരുടെ താമസം കൊച്ചി നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലാണ് ഒരുക്കിയിരിക്കുന്നത്. ഉത്തരവിൻ്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
സർക്കാർ ഉദ്യോഗസ്ഥരുടെ പരിശീലനങ്ങൾക്ക് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന 2023ലെ സർക്കാർ ഉത്തരവ് മറികടന്നാണ് ജിഎസ് ടി ഉദ്യോഗസ്ഥർ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന പഞ്ചനക്ഷത്ര പരിശീലനത്തിൻ്റെ വാർത്ത റിപ്പോർട്ടറാണ് പുറത്തുകൊണ്ടുവന്നത്. വാർത്തയ്ക്ക് പിന്നാലെ ഉദ്യോഗസ്ഥരെല്ലാം ചേർന്ന് വൻ ആക്രി റെയ്ഡ് നടത്തി. 1170 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്നും 207 കോടി രൂപ സർക്കാരിലേക്ക് കിട്ടിയെന്നും ജിഎസ്ടി വകുപ്പ് തന്നെ അന്ന് വാർത്താക്കുറിപ്പിറക്കി. പക്ഷേ പത്ത് മാസത്തിനിപ്പുറം അന്നത്തെ റെയ്ഡിൽ കിട്ടിയതിന് കണക്ക് നിയമസഭയിൽ ഭരണ കക്ഷി എംഎൽഎ തന്നെ ചോദിച്ചപ്പോൾ വിവരം ശേഖരിച്ച് വരുന്നു എന്ന് മാത്രമായിരുന്നു മറുപടി.
Content Highlights: Five-star training again, costing lakhs in GST department