'ചില്ലികാശിന്റെ അധ്വാനമില്ല, മേലെ നിന്നും കെട്ടിയിറക്കി എംഎല്‍എയായി'; വി ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവ്

പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലാണ് വി ടി ബല്‍റാമിനെതിരായ രൂക്ഷ വിമര്‍ശനം

പാലക്കാട്: കെപിസിസി ഉപാധ്യക്ഷനും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന്‍. വി ടി ബല്‍റാം നൂലില്‍ക്കെട്ടി ഇറങ്ങി എംഎല്‍എ ആയ ആളെന്നാണ് വിമര്‍ശനം. പാലക്കാട് കൊഴിക്കരയില്‍ നടന്ന കുടുംബ സംഗമത്തിലാണ് വി ടി ബല്‍റാമിനെതിരായ കോണ്‍ഗ്രസ് നേതാവിന്‍റെ രൂക്ഷ വിമര്‍ശനം.

'പുതിയ കാലത്ത് ചില്ലികാശിന്റെ അധ്വാനമില്ലാതെ മേലെ നിന്നും കെട്ടിയിറക്കി, ഇവിടെ വന്ന് എംഎല്‍എയായ ആളാണ്. കണ്ടാല്‍ മിണ്ടില്ല. ഫോണ്‍ എടുക്കില്ല. സംസാരിക്കില്ല. പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് നേതാക്കള്‍ പറയുക. എരി തീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ്', സി വി ബാലചന്ദ്രന്‍ പറയുന്നു.

പാര്‍ട്ടിക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടത്താതെ, പാര്‍ട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബാല്‍റാമില്‍ നിന്നുണ്ടാകുന്നത്. തൃത്താലയില്‍ ബല്‍റാം തോറ്റത് അഹങ്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണ്. കോണ്‍ഗ്രസ് നിലനില്‍ക്കണം, പാര്‍ട്ടിക്ക് മേലെ വളരാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിലും അവരെ പിടിച്ച് പുറത്തിടണം എന്നും സിവി ബാലചന്ദ്രന്‍ വിമര്‍ശിക്കുന്നു.

Content Highlights: Congress Leader CV Balachandran Against V T Balram

To advertise here,contact us