തിരുവനന്തപുരം: രാജ്ഭവനിലേയ്ക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ അനിഷ്ട സംഭവങ്ങൾ. പ്രതിഷേധ മാർച്ച് തടയുന്നതിനായി പൊലീസ് വെച്ച ബാരിക്കേഡിൻ്റെ ഒരുഭാഗം എസ്എഫ്ഐ പ്രവർത്തകർ എടുത്ത് മാറ്റി. ജലപീരങ്കി പ്രയോഗം വകവെയ്ക്കാതെയാണ് പ്രതിഷേധക്കാർ ബാരിക്കേഡ് എടുത്ത് മാറ്റിയത്.
ഇതിനിടെ ജലപീരങ്കിയിലെ വെള്ളം തീർന്നത് അനിഷ്ട സംഭവങ്ങൾക്കിടയിലും കൗതുകമുള്ള കാഴ്ചയായി. അഞ്ച് തവണയാണ് പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ തകർത്ത ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയതോടെ ടിയർഗ്യാസ് അല്ലെങ്കിൽ ഗ്രനേഡ് പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
ബാരിക്കേഡിന് മുകളിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർക്കൊപ്പം എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദും ഉണ്ടായിരുന്നു. ഇതിനിടെ മുന്നറിയിപ്പ് നൽകിയ പൊലീസുകാരോട് ടിയർ ഗ്യാസ് എറിയാൻ എസ്എഫ്ഐ പ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ പേടിച്ച് ഓടുന്നവരല്ലെന്നും കൂത്തുപറമ്പിൽ ഭയന്നിട്ടില്ല പിന്നാണോ ഇവിടെയെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയ പൊലീസിനോട് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഗവർണർ ബോംബ് തന്നു വിട്ടോയെന്ന് ശിവപ്രസാദ് പൊലീസിനോട് ചോദിച്ചു. സംഘി വിസി അറബിക്കടലിൽ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ രാജഭവനിലേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തുന്നത്.
അതേസമയം കേരള സർവകലാശാലയിൽ എഐഎസ്എഫ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം നടന്നു. വി സി മോഹനൻ കുന്നുമ്മൽ എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം ഉണ്ടായത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാൻ തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കേരളം ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകളിലേക്കും ആർഎസ്എസ് ആളുകളെ നിയമിക്കുകയാണെന്നും ഗവർണർ അത്തരത്തിൽ പെരുമാറുന്നുവെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാജ്യത്തെ ആകെ ഇളക്കിമറിക്കാൻ ആർഎസ്എസ് പരിശ്രമിക്കുമ്പോൾ അപ്പോഴൊന്നും കേരളം കുലുങ്ങിയിട്ടില്ല എന്ന് മോഹനൻ കുന്നുമ്മേൽ ഓർക്കണമെന്നും സനോജ് കൂട്ടിച്ചേർത്തു.
Content Highlights: SFI continues protest in front of Raj Bhavan, ignoring grenade warning