സര്‍ക്കാരിനെതിരെ സമരവുമായി സമസ്ത; സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ പ്രതിഷേധ പരിപാടികള്‍

സമരത്തിന് എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് മുശാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു

കോഴിക്കോട്: സ്‌കൂള്‍ സമയ മാറ്റത്തിനെതിരെ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സമസ്ത. കേരളത്തില്‍ എല്ലായിടങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. ഓഗസ്റ്റ് അഞ്ചിന് കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ബഹുജന മാര്‍ച്ചും നടത്തും. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനിലാണ് പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചത്. സമരത്തിന് എല്ലാ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് മുശാവറ അംഗം എം ടി അബ്ദുള്ള മുസ്ലിയാര്‍ പറഞ്ഞു.

സമസ്തയുടെ പോഷക സംഘടനയായ സമസ്ത കേരളാ മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് കോഴിക്കോട് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടന്നത്. മദ്രസ പഠനത്തിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ സമസ്ത പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇത് പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരമുഖത്തേക്ക് കടക്കാന്‍ സമസ്ത തീരുമാനിച്ചിരിക്കുന്നത്. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേരിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. എന്നിട്ടും സര്‍ക്കാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്നാണ് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്റെ ആക്ഷേപം.

അതേസമയം സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യാപക സംഘടനകളുടെ യോഗത്തില്‍ വ്യക്തമാക്കിയത്. ലീഗ് അനുകൂല അധ്യാപക സംഘടന സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കോടതി നിര്‍ദേശപ്രകാരം എടുത്ത തീരുമാനമാണിതെന്നും എന്തെങ്കിലും ബദല്‍ നിര്‍ദേശമുണ്ടെങ്കില്‍ നല്‍കാനും മന്ത്രി അധ്യാപകരോട് പറഞ്ഞു.

ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ അധികപഠനം ഉറപ്പാക്കുന്ന ഉത്തരവായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. രാവിലെ ഒമ്പതേമുക്കാലിന് തുടങ്ങി വൈകീട്ട് നാലേകാല്‍ വരെയാണ് പുതിയ സമയക്രമം. വെള്ളിയാഴ്ചകളില്‍ ഈ സമയക്രമം ബാധകമല്ല.Content Highlights: Samastha protest against School time change

To advertise here,contact us