വയനാട്: വയനാട് സുല്ത്താന് ബത്തേരി ചീരാലില് വീണ്ടും പുലി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്ത്തു നായയെയാണ് പുലി ആക്രമിച്ചു കൊന്നത്. നായയുടെ ജഡം പകുതി ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില് വീടിനു സമീപത്തെ കൃഷിയിടത്തിലാണ് കണ്ടെത്തിയത്. ഏറെ നാളായി ചീരാല് മേഖലയില് പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്പ് ചീരാലിനടുത്ത് നമ്പ്യാര്കുന്നില് മറ്റൊരു പുലി കൂട്ടില് കുടുങ്ങിയിരുന്നു.
അതേസമയം, വാകേരി മൂടിക്കൊല്ലിയില് കാട്ടാന ഇറങ്ങി. പ്രദേശത്ത് കാട്ടാനകള് ജനവാസമേഖലയില് ഇറങ്ങുന്ന സാഹചര്യമുണ്ട്. ഇന്നലെ പ്രദേശവാസിയായ അഭിലാഷിനെ കാട്ടാന ആക്രമിച്ചിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിനെ സുല്ത്താന് ബത്തേരി താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. അഭിലാഷിൻ്റെ രണ്ട് കൈകള്ക്കും കാലിനും ഇടുപ്പിനും പരിക്കേറ്റു. ദൗത്യത്തിനായി കുങ്കിയാനയെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. മുത്തങ്ങ ആനപന്തിയില് നിന്നുളള പ്രമുഖ എന്ന കുങ്കിയാനയെയാണ് എത്തിച്ചിരിക്കുന്നത്. ഒരു കുങ്കിയാനയെക്കൂടി എത്തിച്ച ശേഷം ദൗത്യം ആരംഭിക്കുമെന്നാണ് വിവരം. ഈ മേഖലയില് കടുവയുടെ ആക്രമണവുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രജീഷ് എന്നൊരു യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Content Highlights: Leopard attack Wayanad Cheeral again: Pet dog killed