ന്യൂ ഡൽഹി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് കത്തയച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. എല്ലാ നയതന്ത്ര മാർഗവും ഉപയോഗിച്ച് മോചനത്തിനായി ഇടപെടണമെന്നും കുടുംബം സർക്കാർ ഇടപെടൽ കാത്തിരിക്കുകയാണെന്നും എംപി പറഞ്ഞു. ഇടപെടൽ നടപടി രാജ്യത്തിന് പുറത്ത് ജീവിക്കുന്ന അനേകം ഇന്ത്യക്കാരുടെ ആത്മവിശ്വാസവും സർക്കാരിലുള്ള പ്രതീക്ഷയും വർധിപ്പിക്കുമെന്നും എംപി അഭിപ്രായപ്പെട്ടു.
ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുക. ഇത് സംബന്ധിച്ച ഉത്തരവില് യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര് ഒപ്പുവെച്ചിരുന്നു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് തലാല് അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരമാണ് ഇപ്പോള് യെമനില് നിന്ന് വരുന്നത്. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ് ഡോളര് (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്ഗമെന്നും മനുഷ്യാവകാശപ്രവര്ത്തകന് സാമുവല് ജെറോം വ്യക്തമാക്കിയിരുന്നു.
യെമന് പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 2017ലാണ് യെമന് പൗരനായ തലാല് അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്കണ്ട് മോചനം സാധ്യമാക്കാന് നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്ച്ചകള് നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.
Content Highlights: kodikunnil suresh MP asks for PM Intervention at nimishapriya case