തിരുവനന്തപുരം: രജിസ്ട്രാര് കെ എസ് അനില്കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കേരള സര്വകലാശാലാ വൈസ് ചാന്സലര് മോഹനന് കുന്നുമ്മല്. രജിസ്ട്രാര്ക്കുള്ള ഇ-ഫയലുകള് അനില്കുമാറിന് അയക്കരുതെന്നാണ് പുതിയ നിര്ദേശം. കമ്പ്യൂട്ടര് ഓപ്പറേറ്റിംഗ് ഡയറക്ടര്ക്കാണ് നിര്ദേശം നല്കിയിരിക്കുന്നത്.
സസ്പെന്ഷന് പിന്വലിച്ചതിന് പിന്നാലെ കെ എസ് അനില്കുമാര് സര്വകലാശാലയിലെത്തിയപ്പോഴും സമാനരീതി വി സി തുടര്ന്നിരുന്നു. അന്നും രജിസ്ട്രാര് വഴിയെത്തിയ ഫയലുകള് സ്വീകരിച്ചിരുന്നില്ല. അതത് വകുപ്പുകളിലേക്ക് തിരിച്ചയച്ച് ജോയിന്റ് രജിസ്ട്രാര് വഴി നേരിട്ട് അയച്ചാല് മതിയെന്നായിരുന്നു നിര്ദേശം.
അതേസമയം കേരള സര്വകലാശാലയില് എഐഎസ്എഫ് ഡിവൈഎഫ്ഐ പ്രവര്ത്തകരുടെ പ്രതിഷേധം തുടരുകയാണ്. വി സി എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം. പ്രവര്ത്തകരും പൊലീസും തമ്മില് ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാന് തയ്യാറാകാത്തതോടെ എഐഎസ്എഫ് പ്രവര്ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
കേരളം ഉള്പ്പെടെയുള്ള എല്ലാ സര്വകലാശാലകളിലേക്കും ആര്എസ്എസ് ആളുകളെ നിയമിക്കുകയാണെന്നും ഗവര്ണര് അത്തരത്തില് പെരുമാറുന്നുവെന്നും ഡിവൈഎഫ്ഐ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാജ്യത്തെ ആകെ ഇളക്കിമറിക്കാന് ആര്എസ്എസ് പരിശ്രമിക്കുമ്പോള് അപ്പോഴൊന്നും കേരളം കുലുങ്ങിയിട്ടില്ല എന്ന് മോഹനന് കുന്നുമ്മല് ഓര്ക്കണമെന്നും സനോജ് കൂട്ടിച്ചേര്ത്തു.
Content Highlights: Kerala University VC order do not sent E Files to registrar K S Anilkumar