തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതി സുകാന്ത് സുരേഷിന് ജാമ്യം. ഹൈക്കോടതി സിംഗിള് ബെഞ്ചാണ് ജാമ്യം നല്കിയത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് ഹൈക്കോടതിയുടെ വ്യവസ്ഥ.
മാര്ച്ച് 24നാണ് പേട്ട റെയില്വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. തുടര്ന്ന് മാനസികവും ശാരീരികവുമായി പെണ്കുട്ടിയെ പീഡിപ്പിച്ചതിന്റെ തെളിവുകള് സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.
യുവതി ആത്മഹത്യ ചെയ്ത ശേഷം രണ്ടുമാസത്തോളം ഒളിവിലായിരുന്ന സുകാന്ത് ഹൈക്കോടതി മുന്കൂര് ജാമ്യപേക്ഷ തള്ളിയതിനെ തുടര്ന്ന് പൊലീസില് കീഴടങ്ങുകയായിരുന്നു. സുകാന്തിനെതിരെ ഫോണിലെ ഡിജിറ്റല് തെളിവുകള് ഉള്പ്പെടെ പൊലീസ് കണ്ടെത്തിയിരുന്നു.
പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നല്കി ഐബി ഉദ്യോഗസ്ഥയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നെന്നും സുകാന്ത് വിവാഹത്തില് നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഇതിനൊപ്പം ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിപ്പോര്ട്ടില് സൂചിപ്പിക്കുന്നുണ്ട്.
Content Highlights: IB officer death Sukant Suresh get bail