ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകം: പ്രതി നൗഷാദിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും

കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നുമാണ്  നൗഷാദ് പറഞ്ഞത്

കോഴിക്കോട്: ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലപാതകക്കേസില്‍ പ്രതി നൗഷാദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇന്ന് വിശദമായി ചോദ്യംചെയ്യും. ബത്തേരിയില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുത്തേക്കും. കേസിലെ മറ്റ് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങും. നൗഷാദിനൊപ്പം മറ്റ് പ്രതികളെയും ഇരുത്തി ചോദ്യംചെയ്യും. വാട്ട്‌സ്ആപ്പ് ചാറ്റുകള്‍വെച്ച് നൗഷാദിനെ കുടുക്കാനാണ് പൊലീസ് നീക്കം. കൊലപാതകവുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികള്‍ക്ക് നൗഷാദ് അയച്ച മെസേജുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അതേസമയം, ഹേമചന്ദ്രനെ താന്‍ കൊലപ്പെടുത്തിയതല്ലെന്നാണ് നൗഷാദ് പറയുന്നത്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

നേരത്തെയും  ഹേമചന്ദ്രന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കി നൗഷാദ് രംഗത്തെത്തിയിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോള്‍ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നുമാണ്  നൗഷാദ് പറഞ്ഞത്. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

'ഹേമചന്ദ്രന്‍ എനിക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ പണം നല്‍കാനുണ്ട്. മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്നും പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരുദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദം ചോദിച്ചു. ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. അയാള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ആവശ്യമെങ്കില്‍ അയാള്‍ക്ക് അവിടേക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തുചെയ്യണം എന്നറിയാതെ സുഹൃത്തിനെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയ്യാറാണ്.'- എന്നാണ് നൗഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

എന്നാൽ, ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്നലെയാണ് വിദേശത്തായിരുന്ന നൗഷാദ് നാട്ടിലെത്തിയത്.  ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസാണ് ബെംഗളൂരുവിലെത്തി നൗഷാദിനെ കസ്റ്റഡിയിൽ എടുത്തത്.

ജൂണ്‍ 28-നാണ്  ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്നും കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തിയത്.  വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുഖ്യപ്രതി നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്താണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി അരുൺ കെ പവിത്രൻ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രന്‍ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയായിരുന്നു ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Bathery Hemachandra Murder Case: Accused Noushad to be questioned in detail today

To advertise here,contact us